നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു നന്മമരവും ഉണ്ടായിരുന്നു: ഒരു ജോലി അന്വേഷിച്ച്‌ സന്ദര്‍ശക വിസയില്‍ ​ദുബായിലെത്തിയ ഷാജൻ: അഷറഫ് താമരശേരിയുടെ കുറിപ്പ്

ദുബായില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച നിതിന്റെ മരണം മലയാളികളെ ഒന്നടക്കം സങ്കടത്തിലാത്തി. നിതിന്റെ മൃതദേഹത്തിനൊപ്പം മറ്റൊരു ചെറുപ്പക്കാരന്റെ മൃതദേഹവും നാട്ടില്‍ എത്തിയിരുന്നു.

ഷാര്‍ജയില്‍ നിന്നുള്ള എയര്‍ അറേബ്യ വിമാനത്തില്‍ നിതിനോടൊപ്പം കാസര്‍കോഡുകാരന്‍ ഷാജന്‍ പളളയില്‍ എന്ന യുവാവിന്റെ മൃതദേഹമായിരുന്നു അത്. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം. രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ. ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച്‌ സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്. നിതിനെ പോലെ തന്നെ ഷാജനും ഒരു നന്‍മമരം ആയിരുന്നുവെന്ന് സാമൂഹ്യപ്രവര്‍ത്തകനായ അഷ്‌റഫ് താമരശേരി പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

Loading...

അഷ്‌റഫ് താമരശേരിയുടെ കുറിപ്പ്:

”നമ്മുടെ കുഞ്ഞിനെ കാണാന്‍ ഞാന്‍ ഉറപ്പായും വരും,നീ സന്തോഷമായിരിക്ക്, ഇതായിരുന്നു ആതിരയെ അവസാനമായി ഫോണ്‍ വിളിച്ചപ്പോള്‍ നിതിന്‍ പറഞ്ഞത്. ഇന്ന് വെളുപ്പിന് കൊച്ചി നെടുമ്ബാശ്ശേരിയിലെത്തിച്ച നിതിന്റെ മൃതദേഹം നേരെ കൊണ്ട് പോയത്. ആശുപത്രിയില്‍ കഴിയുന്ന ആതിരയെ കാണിക്കുവാന്‍ ആയിരുന്നു. ഇന്ന് രാവിലെ തന്നെ അടുത്ത ബന്ധുക്കള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആതിരയോട് നിതിന്റെ മരണം വിവരം അറിയിക്കുകയാരുന്നു. വല്ലാത്ത ഒരു അവസ്ഥയായിരുന്നു. ഈ വിവരം ആതിരയെ അറിയിക്കുവാന്‍ പോയ ബന്ധുക്കള്‍ക്ക് പോലും താങ്ങാനാവുന്ന അവസ്ഥയായിരുന്നില്ല. അവസാനമായി തന്റെ പ്രിയതമനെ ആശുപത്രിയില്‍ വെച്ച്‌ ആതിര കണ്ടപ്പോള്‍ ആ രംഗം കണ്ട് നിന്നവരുടെ മനസ്സുപോലും പിടിഞ്ഞ പോയ നിമിഷങ്ങള്‍ ആയിരുന്നു അത്. എല്ലാം സഹിക്കുവാനും കുടുംബത്തിനുണ്ടായ വലിയ നഷ്ടത്തെ അതിജീവിക്കാനുളള ശക്തി ആ കുഞ്ഞുപെങ്ങള്‍ക്ക് ഈശ്വരന്‍ നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു.അല്ലാതെ എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കേണ്ടത്, എനിക്കറിയില്ല. നിതിന്‍ എന്ന സാമൂഹിക പ്രവര്‍ത്തകന്‍ ചെയ്ത നന്മകള്‍ കൊണ്ട് തന്നെയാണ് കേരളവും, ഈ മറുനാടും നിതിന്റെ വേര്‍പാടിന്റെ നൊമ്ബരം ഏറ്റു വാങ്ങിയത്.

നിതിന്റെ മൃതദേഹത്തിനോടൊപ്പം ആരും അറിയാത്ത മറ്റൊരു ചെറുപ്പക്കാരന്റെ മൃതദേഹവും കൂടി പോയിരുന്നു. കാസര്‍കോഡ് പുളളൂരിനടുത്തുളള മീന്‍ഗോത്ത് സ്വദേശി 38 വയസ്സുളള ഷാജന്‍ പളളയില്‍ ആയിരുന്നു. ഹൃദയസ്തംഭനം ആയിരുന്നു മരണകാരണം.രണ്ട് പിഞ്ചു മക്കളും ഭാര്യയുടെ പേര് വിദ്യാശ്രീ. ഈ അടുത്ത കാലത്താണ് ഒരു ജോലി അന്വേഷിച്ച്‌ സന്ദര്‍ശക വിസയില്‍ ഷാജന്‍ ദുബായില്‍ വരുന്നത്.നിതിനെ പോലെ മറ്റൊരു നന്മമരം ആയിരുന്നു ഷാജനും. കഴിഞ്ഞ പ്രാവശ്യം നാട്ടിലുണ്ടായ പ്രളയത്തില്‍ മൂന്ന് പേരുടെ ജീവന്‍ രക്ഷിച്ച വ്യക്തിയായിരുന്നു ഷാജന്‍ പളളയില്‍. നാട്ടിലുണ്ടായ കുറച്ച്‌ കടബാധ്യതയും, മക്കള്‍ക്ക് നല്ല വിദ്യാഭ്യാസ കൊടുക്കുന്നതിന് വേണ്ടിയായിരുന്നു കടല്‍ കടന്ന് ഷാജനും ഗള്‍ഫിലെത്തിയത്. വിധി ആ സ്വപ്നങ്ങളെ തകിടം മറിച്ചു. വളരെ യാദ്യശ്ചികമായി രണ്ട് നന്മമരങ്ങളുടെ ചേതനയറ്റ ശരീരം ഒരുമിച്ചാണ് കൊച്ചി നെടുമ്ബാശ്ശേരി വിമാനത്താവളത്തിലേക്ക് അയച്ചത്.എയര്‍ അറേബ്യയുടെ പ്രത്യേക വിമാനത്തിലാണ് രണ്ട് മൃതദേഹങ്ങളും നാട്ടിലേക്ക് അയക്കാന്‍ കഴിഞ്ഞത്. അതിന് എന്നെ വളരെയധികം സഹായിച്ചത് എയര്‍ അറേബ്യയുടെ മാനേജര്‍ ശ്രീ രജ്ഞിത്തായിരുന്നു. ഷാജന്റെ കുടുംബത്തിനും വലിയ നഷ്ടം തന്നെയാരുന്നു.വാര്‍ത്താ പ്രാധാന്യം ഇല്ലാത്തത് കൊണ്ട് ഷാജന്റെ മരണം ആരും അറിഞ്ഞില്ലായെന്ന് മാത്രം, ഷാജന്റെ കുടുംബത്തിനുണ്ടായ നഷ്ടത്തിന് എന്ത് പറഞ്ഞാണ് സമാധാനിപ്പിക്കേണ്ടത് എന്നറിയില്ല. ഈശ്വരന്‍ എല്ലാം തരണം ചെയ്യുവാനുളള ശക്തി നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു. സമൂഹത്തില്‍ നന്മ ചെയ്യുന്നവരുടെ വേര്‍പാട് നമ്മുടെ മുന്നില്‍ തുറന്നിടുന്നത് കാരുണ്യത്തിന്റെയും, സ്‌നേഹത്തിന്റെയും വാതിലുകളാണ്”