പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രണ്ട് തട്ടിൽ: അഷ്റഫ് താമരശ്ശേരി

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രവാസി സാമൂഹിക പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി രം​ഗത്ത്. പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര സർക്കാരും കേരള സർക്കാരും രണ്ട് തട്ടിലാണെന്നും പരസ്പരം പഴിചാരുകയാണെന്നും അഷ്റഫ് താമരശ്ശേരി കുറ്റപ്പെടുത്തി. പ്രവാസികളുടെ മടക്കയാത്ര കാര്യത്തിൽ യോജിച്ച് ആത്മാർത്ഥമായി ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഇവിടെയുളളുവെന്നും എന്തിനാണ് ഇങ്ങനെ പ്രവാസികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

അഷ്റഫ് താമരശ്ശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്

Loading...

കോവിഡ് പരിശോധന നിർബന്ധമാക്കിയ കേരള സർക്കാരിൻെറ നടപടി നാട്ടിലേക്ക് മടങ്ങാനുളള സാധാരണ പ്രവാസികളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. ഇവിടെ ഒന്നിനും ഒരു വ്യക്തതയില്ല. പ്രവാസികളുടെ കാര്യത്തിൽ തുടക്കം മുതൽ കേന്ദ്ര സർക്കാരും കേരള സർക്കാരും രണ്ട് തട്ടിലാണ്.പരസ്പരം പഴിചാരുകയാണ്.

പ്രവാസികളുടെ മടക്കയാത്ര കാര്യത്തിൽ യോജിച്ച് ആത്മാർത്ഥമായി ഒരു തീരുമാനം എടുത്തിരുന്നെങ്കിൽ എത്രയും പെട്ടെന്ന് പരിഹരിക്കാവുന്ന പ്രശ്നങ്ങൾ മാത്രമെ ഇവിടെയുളളു. എന്തിനാണ് ഇങ്ങനെ പ്രവാസികളുടെ ജീവിതം വെച്ച് കളിക്കുന്നതെന്ന് മനസ്സിലാകുന്നില്ല.ഓരോ ഗൾഫിലെ രാജ്യങ്ങളിലും,ട്രൂനെറ്റ് റാപ്പിഡ് ടെസ്റ്റ് സംവിധാനം ഉപയോഗിച്ച് പരിശോധന നടത്തുവാനുളള അനുമതി എംബസ്സികൾക്ക് നൽകുവാൻ കേന്ദ്ര സർക്കാരിനോട് കേരള സർക്കാർ സമർദ്ദം ചെലുത്തണമായിരുന്നു.

അതുവഴി പോസ്റ്റീവ് ആകുന്ന പ്രവാസികളെയും നാട്ടിലേക്ക് മടക്കി കൊണ്ടുവരുവാനുളള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്യണം.അങ്ങനെ ചെയ്തിട്ട് വേണം ഇത്തരത്തിലുളള നിയമങ്ങൾ പ്രാബല്യത്തിലേക്ക് കൊണ്ട് വരുവാൻ. ഇവിടെ തർക്കങ്ങളല്ല ആവശ്യം പരിഹാരങ്ങളാണ്. കോവിഡ് രോഗം ബാധിച്ച ഒരാൾ വിമാനത്തിൽ കയറിയാൽ രോഗം ഇല്ലാത്തവർക്ക് രോഗം ബാധിക്കുമെന്ന അതേ ഉൽകണ്ഠ കോവിഡ് ബാധിച്ച പ്രവാസികളുടെ കാര്യത്തിലും വേണം.