കളിയിക്കാവിള കൊലപാതകം; പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്തിയേക്കും

തിരുവനന്തപുരം: കളിയിക്കാവിളയില്‍ പൊലീസുകാരനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതികളുമായി ഇന്ന് തെളിവെടുപ്പ് നടത്താന്‍ സാധ്യത. ക്യൂബ്രാഞ്ചാണ് തെളിവെടുപ്പ് നടത്തുക. പ്രതികളായ തൗഫീഖ്,അബ്ദുള്‍ ഷെമീം എന്നിവര്‍ ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലാണ്. ചെക്ക് പോസ്റ്റ് ഓഫീസിനുള്ളില്‍ വെച്ച് എഎസ്‌ഐ വില്‍സനെ കുത്തിയും വെടിവെച്ചുമാണ് പ്രതികള്‍ കൊലപ്പെടുത്തിയത്.
കൊലപാതകത്തിന് ഉപയോഗിച്ച തോക്കും കത്തിയും തെളിവെടുപ്പിനിടെ പൊലീസിന് ലഭിച്ചിരുന്നു. തോക്ക് കൊച്ചയിൽ നിന്നും കത്തി തമ്പാനൂരിൽ നിന്നുമാണ് കണ്ടെത്തിയത്.

പ്രതികള്‍ ഒളിവിൽ കഴിഞ്ഞ സ്ഥലങ്ങളിലും ക്യൂബ്രാഞ്ച് കഴിഞ്ഞദിവസം തെളിവെടുത്തിരുന്നു. പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥാപിക്കുന്ന തെളിവുകള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതികൾ നെയ്യാറ്റിൻകരയിൽ ഉപേക്ഷിച്ച ബാഗിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തീവ്രവാദ ബന്ധം ആരോപിച്ച് ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരും കുറിപ്പിലുണ്ട്. കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു.

Loading...

പ്രതികൾ ഉപയോഗിച്ചത് സൈനികർ ഉപയോഗിക്കുന്ന തരം തോക്കാണെന്ന് ക്യൂബ്രാഞ്ച് നേരത്തെ കണ്ടെത്തിയിരുന്നു.കസ്റ്റഡിയിൽ ലഭിച്ചതിന് പിന്നാലെ നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ്‌ കൊലപാതകത്തിന് ഉപയോഗിച്ച തോക്ക് എവിടെയാണെന്ന് സംബന്ധിച്ച സൂചന പ്രതികളിൽ നിന്ന് അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. അതീവ രഹസ്യമായി മറ്റ് പൊലീസ് വാഹനങ്ങളുടെ അകമ്പടിയില്ലാതെ ഒരു ബസ്സിലാണ് പ്രതികളെ കൊച്ചിയിൽ എത്തിച്ചിരുന്നത്. തുടർന്ന് കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപത്തെ ഓടയിൽ നിന്നും തോക്ക് കണ്ടെടുക്കുകയായിരുന്നു.ഇറ്റാലിയൻ നിർമിത തോക്കാണ് കണ്ടെത്തിയത്. ഇത് സൈന്യം ഉപയോഗിക്കുന്ന ഗണത്തിൽ പെട്ട തോക്കാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ സൈന്യം ഉപയോഗിക്കുന്ന ഗണത്തിലുള്ള തോക്ക് എങ്ങനെ തീവ്രവാദ സംഘത്തിലേക്ക് എത്തി എന്നതാണ് തമിഴ് നാട് ക്യു ബ്രാഞ്ചിനെ കുഴയ്ക്കുന്ന ചോദ്യം.

പ്രതികളുടേത് തീവ്രവാദ സംഘടനയാണെന്ന് നേരത്തെ തന്നെ പൊലീസ് സ്ഥിരീകരിച്ചിരുന്നു. ഒപ്പം ഈ സംഘടനക്ക് ഐ എസ് അടക്കമുള്ള ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.സൈന്യം ഉപയോഗിക്കുന്ന ഗണത്തിൽ പെട്ട തോക്ക് ഉപയോഗിച്ചാണ് പ്രതികൾ കൊലപാതകം നടത്തിയെന്നത് കേസിൽ മറ്റൊരു വഴിത്തിരിവ് കൂടി സൃഷ്ടിക്കുകയാണ്. സൈന്യത്തിലെ ആർക്കെങ്കിലും ഈ തീവ്രവാദ സംഘടനയുമായി ബന്ധമുണ്ടോ എന്നും ഒപ്പം മറ്റേതെങ്കിലും മാർഗത്തിലൂടെയാണോ ഈ തോക്ക് കൈക്കലാക്കിയതെന്നും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

കൊലപാതകം നടത്തിയ ശേഷം കർണാടകയിലേക്ക് രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ ബസ്സിൽ കൊച്ചിയിൽ എത്തിയ പ്രതികൾ തോക്ക് കെ എസ് ആർ ടി സി സ്റ്റാന്റിന് സമീപത്തുള്ള ഓടയിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.അതേസമയം പ്രതികളുടെ സംഘടനക്ക് സിം കാർഡ് എടുത്ത് നൽകിയിരുന്ന സംഘത്തെ കേന്ദ്രീകരിച്ചുള്ള എൻ ഐ എയുടെ അന്വേഷണവും ഊര്‍ജിതമാണ്. തീവ്രവാദ ബന്ധമുള്ള വൈഡ് നെറ്റ് വർക്കിന്റെ ഭാഗമായ ഈ സംഘത്തിൽ കൂടുതൽ പേര് ഉണ്ടെന്ന കണ്ടെത്തലാണ് ദേശീയ അന്വേഷണ ഏജൻസി നടത്തിയിരിക്കുന്നത്. 35 ലധികം സിം കാർഡുകൾ സംഘം തീവവാദ സംഘടനയ്ക്ക് കൈമാറിയിരുന്നു.ഏതായാലുംഅറസ്റ്റിലായവരിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ മറ്റുള്ളവർക്കായുള്ള തിരച്ചിലും ശക്തമാക്കിയിട്ടുണ്ട്.