കാര്‍ കഴുകിക്കൊണ്ടിരിക്കെ പ്രവാസി യുവാവിന് ക്രൂര മര്‍ദനം; വീഡിയോ പ്രചരിച്ചതോടെ പ്രതി പിടിയില്‍

മനാമ: കാര്‍ കഴുകുന്നതിനിടെ പ്രവാസി യുവാവിനെ ക്രൂരമായി മര്‍ദിച്ചയാള്‍ അറസ്റ്റില്‍.ബഹ്‌റൈനിലാണ് സംഭവം. കാര്‍ കഴുകുന്നതിനിടെ മര്‍ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തൊട്ടടുത്ത കെട്ടിടത്തില്‍ നിന്ന് ചിത്രീകരിച്ച വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നത്. പ്രവാസി യുവാവ് കാര്‍ കഴുകിക്കൊണ്ടിരിക്കെ അടുത്തേക്ക് വരുന്ന സ്വദേശി ഇയാളോട് കയര്‍ക്കുന്നതും വാക്കേറ്റത്തിലേര്‍പ്പെടുന്നതും വീഡിയോയില്‍ കാണാം.

പിന്നീട് യുവാവിന്റെ മുഖത്ത് അടിക്കുന്ന സ്വദേശി ഇയാളുടെ സൈക്കിളും അടുത്തുണ്ടായിരുന്ന ബക്കറ്റും എടുത്ത് എറിയുകയായിരുന്നു. മര്‍ദനമേറ്റ തൊഴിലാളി ആദ്യം നിലത്തിരിക്കുന്നതും പിന്നീട് നിലത്ത് വീണുകിടക്കുന്നതുമാണ് വീഡിയോയില്‍ വ്യക്തമാണ്.വീഡിയോ സംബന്ധിച്ച റിപ്പോര്‍ട്ട് ലഭിച്ചതോടെ ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉടന്‍ നടപടിയെടുത്തു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വദേശിയെ കണ്ടെത്തുകയും കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ശാരീരികമായി ഉപദ്രവിച്ചതിനുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Loading...