ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഗോമാംസം കഴിക്കരുത്: പശു സംരക്ഷണ ബില്ലിനെ ന്യായീകരിച്ച് അസം മുഖ്യമന്ത്രി

ഹിന്ദുക്കൾ താമസിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്ഥലങ്ങളിൽ ഗോമാംസം കഴിക്കരുതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. സംസ്ഥാനത്ത് നടപ്പിലാക്കാനിരിക്കുന്ന പശു സംരക്ഷണ ബില്ലിനെ ന്യായീകരിക്കുവാനാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.

“പശു ഞങ്ങളുടെ അമ്മയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. പശ്ചിമ ബംഗാളിൽ നിന്ന് കന്നുകാലികൾ വരുന്നത് തടയുക എന്നതാണ് ഞങ്ങളുടെ ആവശ്യം. പശുക്കളെ ആരാധിക്കുന്ന സ്ഥലങ്ങളിൽ ഗോമാംസം കഴിക്കരുത്. മൊത്തത്തിൽ ആളുകൾ അവരുടെ സ്വാഭാവിക ശീലങ്ങൾ ഉപേക്ഷിക്കണമെന്ന് ഞാൻ പറയുന്നില്ല, ഫാൻസി ബസാറിലോ സാന്തിപൂരിലോ ഗാന്ധിബാസ്തിയിലോ ഹോട്ടൽ മദീന ഉണ്ടായിരിക്കേണ്ട ആവശ്യമില്ല.” – ശർമ്മ പറഞ്ഞു.

Loading...

ബി.ജെ.പി. എം.എൽ.എ. ആയ മൃണാൾ സൈക്യവും സമാനരീതിയിൽ പ്രതികരിച്ചു. “പശു സംരക്ഷണം വരുമ്പോഴെല്ലാം ആളുകൾ വർഗീയ വൽക്കരിക്കുകയാണ്​. ഗോമാതാവ്​ നമ്മുടെ സംസ്​കാരവും വിശ്വാസവുമാണ്​. പശുക്കൾ നമ്മളവർക്ക്​ നൽകുന്നതിനേക്കാൾ തിരികെ നൽകുന്നു. നമുക്ക്​ പശുക്കളെ വേണം. പാലിനേക്കാൾ ഉപയോഗമുള്ളതാണ്​ ഗോമൂത്രവും ചാണകവും. പതജ്ഞലി 100മില്ലി ഗോമൂത്രത്തിന് 45 രൂപയാണ്​ ഈടാക്കുന്നത്​. അതേസമയം പാലിന്​ 50 രൂപയാണുള്ളത്​. ഇതിൽ നിന്നും നമ്മൾ ഗോമൂത്രത്തിൻറെ വില മനസ്സിലാക്കണം” -മൃണാൾ സൈക്യ പറഞ്ഞു.

അതേ സമയം ഉത്തരേന്ത്യയിലെപ്പോലെ ആൾകൂട്ടക്കൊലക്ക്​ വഴിതുറക്കുന്നതാണ്​ ബില്ലെന്ന് എ.ഐ.യു.ഡി.എഫ്. പ്രതികരിച്ചു.