മിനിമം അക്കൗണ്ട് ബാലൻസ്, എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ: എടിഎമ്മിലെ ഇളവുകൾ ഈ മാസത്തോടെ അവസാനിച്ചേക്കും

ന്യൂഡൽഹി: ബാങ്കിങ് രംഗത്തു കോവിഡ് ലോക്ഡൗണിന്റെ ഭാഗമായി നടപ്പാക്കിയ ഇളവുകൾ എല്ലാം ഈ മാസത്തോടെ അവസാനിച്ചേക്കും. ഇന്ധനവിലയിൽ ജനം പൊറുതിമുട്ടിയിരിക്കുമ്പോളാണ് ബാങ്കിം​ഗ് മേഖലയിൽ നിന്ന് മറ്റൊരു തീരുമാനം കൂടി വന്നിരിക്കുന്നത്. കോവിഡുമായി ബന്ധപ്പെട്ടു മൂന്നു മാസത്തേക്കാണു ബാങ്കിങ് അനുബന്ധ ഇടപാടുകളിൽ സർക്കാർ ഇളവുകൾ നൽകിയത്.

മിനിമം അക്കൗണ്ട് ബാലൻസ്, എടിഎമ്മിൽനിന്നു പണം പിൻവലിക്കൽ, എന്നിവയുൾപ്പെടെയുള്ള ഇളവുകളാണ് അടുത്ത മാസം മുതൽ നിർത്തലാക്കാൻ സാധ്യതയെന്നാണ് റിപ്പോർട്ട്. നിലവിൽ പുതിയ നിർദേശമൊന്നും വന്നിട്ടില്ലെന്നതു ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നു. എഎടിഎമ്മുകളിൽനിന്നു ജൂൺ 30 വരെ പണം പിൻവലിക്കാനുള്ള എല്ലാ ഇടപാട് ചാർജുകളും ധനമന്ത്രാലയം പിൻവലിച്ചിരുന്നു. പുതിയ അറിയിപ്പുകളൊന്നും വന്നില്ലെങ്കിൽ ഇളവുകൾക്കു മുമ്പുണ്ടായിരുന്ന നിലയിലേക്കു ജൂലൈ ഒന്നു മുതൽ ബാങ്കുകൾ മാറുമെന്നാണു ഈ മേഖലയിലുള്ളവർ പറയുന്നത്.

Loading...

സ്വന്തം എടിഎമ്മുകളിൽ പ്രതിമാസം അഞ്ചും മറ്റു ബാങ്കുകളുടേതിൽ മൂന്നും സൗജന്യ ഇടപാടുകളാണു പൊതുവെ ബാങ്കുകൾ അനുവദിക്കുന്നത്. ഈ പരിധി കടന്നാൽ ഇടപാടിന്റെ തരം അനുസരിച്ച് 8 മുതൽ 20 രൂപ വരെ പിഴ അടയ്ക്കേണ്ടി വരും. മിനിമം ബാലൻസ് വേണമെന്നും ഇടപാടുകൾ നടത്തണമെന്നും ഇല്ലെങ്കിൽ പിഴയീടാക്കുമെന്നും മിക്ക ബാങ്കുകളും നിഷ്കർഷിക്കുന്നു. ടിഎം പിൻവലിക്കൽ പരിധികളും മിനിമം ബാലൻസ് നിയമങ്ങളും ഓരോ ബാങ്കിനും വ്യത്യസ്തമാണ്.