തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച മിന്നല്‍ പണിമുടക്ക്;എടിഒയെ കസ്റ്റഡിയിലെടുത്ത സിഐ മുന്‍ കണ്ടക്ടര്‍

തിരുവനന്തപുരം; കഴിഞ്ഞ ദിവസം തലസ്ഥാന നഗരിയെ മുള്‍മുനയില്‍ നിര്‍ത്തിയ പണിമുടക്കിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ നടപടിക്കൊരുങ്ങുകയാണ് സര്‍ക്കാര്‍. ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് നീങ്ങാനാണ് സാധ്യത. ആറു മണിക്കൂറിലേറെ നീണ്ട ഗതാഗത സ്തംഭനത്തിന് കാരണമായത് സംഘര്‍ഷത്തിനിടെ എ.ടി.ഒയെ അറസ്റ്റു ചെയ്ത സംഭവമാണ്. എ.ടി.ഒയെ അറസ്റ്റ് ചെയ്ത് നീക്കിയത് മുന്‍ കണ്ടക്ടറാണ്. ഫോര്‍ട്ട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.കെ ഷെറിയാണ് നേരത്തെ കണ്ടക്ടറായി ജോലി ചെയ്തത്. പൊലീസിലെത്തുന്നതിന് മുന്‍പ് രണ്ടരവര്‍ഷത്തോളം ഇദ്ദേഹം കണ്ടക്ടറായി സേവനം അനുഷ്ഠിച്ചിരുന്നു.

സംഘര്‍ഷം നടന്ന കിഴക്കേകോട്ട സിറ്റി ഡിപ്പോയിലും തമ്പാനൂരിലും ഷെറി ജോലി ചെയ്തിട്ടുണ്ട്. അതുകൊണ്ടു തന്നെ ജീവനക്കാരുടെ സമരരീതിയെ കുറിച്ച് വ്യക്തമായ ധാരണയുമുണ്ട്. കുളത്തൂപ്പുഴ, പുനലൂര്‍ ഡിപ്പോകളിലും ജോലി ചെയ്തിട്ടുണ്ട്. ഇതിനിടെയാണ് സബ് ഇന്‍സ്‌പെക്ടറായി ജോലി കിട്ടിയത്.

Loading...

അതേസമയം തങ്ങളെ അറസ്റ്റു ചെയ്തത് മുന്‍ സഹപ്രവര്‍ത്തകനാണെന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് മനസ്സിലായില്ല. സമരിനിടെ പരിചയമുള്ള മുഖമൊന്നും കണ്ടില്ലെന്ന് ഷെറിയും പറയുന്നു.സ്വകാര്യ ബസ് ജീവനക്കാരനെ തല്ലിയതിനും തടയാന്‍ ശ്രമിച്ച പൊലീസുകാരെ ആക്രമിച്ചതിനുമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തതെന്ന് ഷെറി പറഞ്ഞു.

അതേസമയം നഗരമധ്യത്തില്‍ തന്നെ യാത്രക്കാര്‍ക്കും മറ്റ് വാഹനങ്ങള്‍ക്കും മാര്‍ഗതടസ്സം ഉണ്ടാക്കണമെന്ന ലക്ഷ്യം തന്നെയായിരുന്നു ജീവനക്കാര്‍ക്ക് ഉണ്ടായിരുന്നത്. ഇതിനായിരുന്നു ബസ്സുകള്‍ എല്ലാം തന്നെ അപകടകരമായി പാര്‍ക്ക് ചെയ്തത്.

ഗ്യാരേജിൽ കിടന്ന ബസുകൾ പോലും ഇത്തരത്തിൽ റോഡിൽ പാര്‍ക്ക് ചെയ്തു. ഈ ബസുകളുടെ ജീവനക്കാർക്കെതിരെ നടപടി ഉണ്ടാകും. ഇവരുടെ പേര് വിവരങ്ങളും ലൈസൻസും കൈമാറാൻ ഫോർട്ട് എസിപി, ട്രാഫിക് എസിപി എന്നിവർക്ക് ആർടിഒ കത്ത് കൈമാറി.സ്വകാര്യ ബസ് സമയം തെറ്റിച്ച് ആറ്റുകാൽ സർവ്വീസ് നടത്താൻ ശ്രമിച്ചത് കെഎസ്ആർടിസി ഡിറ്റിഒ തടഞ്ഞതായിരുന്നു പ്രശ്നങ്ങൾക്ക് തുടക്കം. സ്ഥലത്തെത്തിയ പൊലീസ് സ്വകാര്യ ബസിന് അനുകൂല നിലപാട് സ്വീകരിച്ചതായിരുന്നു സംഘർഷത്തിലേയ്ക്ക് നയിച്ചതും. ഇതിൽ സ്വകാര്യ ബസ് സമയം തെറ്റിച്ചാണ് സർവ്വീസ് നടത്തിയതെന്ന് ആർടിഒയുടെ അന്വേഷണത്തിൽ കണ്ടെത്തി. ബസ് ജീവനക്കാർക്കെതിരെയും നടപടി ഉണ്ടാകുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ആറ്റുകാൽ മേഖലയിൽ സ്വകാര്യ ബസുകൾ നിയമം ലംഘിക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് സ്ക്വാർഡിനെ നിയോഗിക്കും. പ്രത്യേക സ്ക്വാർഡിന് ഡിസ്ട്രിക് ട്രാൻസ്പോർട്ട് ഓഫീസർ രൂപം നൽകി. ആറ്റുകാൽ ക്ഷേത്രത്തിലെ ഉത്സവം കഴിയുന്നത് വരെയാണ് പ്രത്യേക സ്ക്വാർഡ് പ്രവർത്തിക്കുക. തുടർ അന്വേഷണത്തിന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സുധീപിനെയും ആർടിഒ ചുമതലപ്പെടുത്തി.