മാസ്ക് വെക്കണമെന്ന് പറഞ്ഞ ഡോക്ടറെ മർദിച്ചു ; നാല് പേർ അറസ്റ്റിൽ

തിരുവനന്തപുരം : മാസ്ക് വെക്കാത്തതിന്റെ പേരിൽ ചോദ്യം ചെയ്ത ഡോക്ടർക്ക് മർദനം. തിരുവനന്തപുരത്താണ് സംഭവം. മാസ്ക് വെക്കാത്തതിനെ ചോദ്യം ചെയ്ത പാറശ്ശാല താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സനോജിനാണ് മർദനമേറ്റത്. സംഭവത്തിൽ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇന്നലെ രാത്രിയോടെയാണ് ഡോക്ടർക്ക് മർദനമേറ്റത്.

കൈയിൽ പരിക്കേറ്റ് വന്ന രോഗിക്കൊപ്പമുണ്ടായിരുന്നവരാണ് ഡോക്ടറെ മർദിച്ചത്. ഇവർക്കാർക്കും മാസ്‌കില്ലായിരുന്നു.മാസ്‌ക് നിർബന്ധമായും വയ്ക്കണമെന്ന് പറഞ്ഞതോടെ സംഘം ഡോക്ടറെ മർദിക്കുകയായിരുന്നു.നിരവധി ആരോഗ്യ പ്രശ്‌നങ്ങളുള്ള ആളാണ് മർദനമേറ്റ ഡോക്ടറെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെയും ഈ ആശുപത്രിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ജീവനക്കാർ പറയുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് രാവിലെ ഡോക്ടർമാർ ഒപി ബഹിഷ്‌കരിച്ചിരുന്നു.

Loading...