സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും ഹൂതികളുടെ ആക്രമണം; 2 വിമാനങ്ങള്‍ തകര്‍ത്ത് സൗദി പ്രതിരോധസേന

സൗദി അറേബിയയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ചൊവ്വാഴ്ച വീണ്ടും ഹൂതികളുടെ ആക്രമണശ്രമം. എന്നാല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട ഡ്രോണ്‍ സൗദി പ്രതിരോധ സേന തകര്‍ക്കുകയായിരുന്നു. അബഹയിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്താനായിരുന്നു ഹൂതികളുടെ ലക്ഷ്യമെന്ന് അറബ് സഖ്യസേന വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ ആരോപിച്ചു.

കൂടാതെ തിങ്കളാഴ്ച രാത്രിയും സ്ഫോടക വസ്തുക്കള്‍ നിറച്ച ചെറുവിമാനം ഉപയോഗിച്ച് ഹൂതികള്‍ ആക്രമണം നടത്താനൊരുങ്ങി. രാത്രി 11.45ന് സൗദി സേന ഈ വിമാനം വെടിവെച്ചിടുകയായിരുന്നു. ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അതിനെ പ്രതിരോധിക്കാനുള്ള എല്ലാ മാര്‍ഗങ്ങളും അറബ് സഖ്യസേന സ്വീകരിക്കുമെന്ന് വക്താവ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലധികമായി നിരവധി തവണയാണ് സൗദിയിലെ അബഹ ലക്ഷ്യമിട്ട് ഹൂതികള്‍ ആക്രമണം നടത്തുന്നത്. രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യക്കാരി ഉള്‍പ്പടെ 26 പേര്‍ക്ക് പരിക്കേറ്റിരുന്നു.

Loading...

അതേ സമയം ഗള്‍ഫ് മേഖലയിലെ സമാധാനം തകര്‍ത്ത് സൗദി-ഒമാന്‍ എണ്ണ കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം . ആരാണ് പിന്നിലെന്ന് യു.എന്‍ അന്വേഷിയ്ക്കും.യു.എന്‍ സെക്രട്ടറി ജനറലിന്റെ ഇതു സംബന്ധിച്ച നിര്‍ദേശത്തിന് നിരവധി രാജ്യങ്ങളുടെ പിന്തുണ ലഭിച്ചിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയാണെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അമേരിക്ക.

എണ്ണ ടാങ്കറുകളെ ലക്ഷ്യം വെച്ച് ഒരു മാസത്തിനുള്ളില്‍ രണ്ട് തവണയാണ് ആക്രമണം ഉണ്ടായത്. 6 എണ്ണ ടാങ്കറുകള്‍ക്ക് എതിരെയായിരുന്നു ആസൂത്രിത സ്വഭാവത്തിലുള്ള ആക്രമണം. ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യമാണെന്ന്കഴിഞ്ഞ ദിവസം യു.എന്‍ സെക്രട്ടറി ജറനല്‍ ആന്റണിയോ ഗുട്ടറസ് വ്യക്തമാക്കിയിരുന്നു.