ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലെ പ്രശസ്തമായ ഹോളി ആര്‍ട്ടിസാന്റിന് നേരെ തോക്കുധാരികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. നാല്‍പ്പതോളം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വിദേശികളടക്കം നിരവധി പേരെ ബന്ദികളാക്കിയിരിക്കുകയാണ്. ഇതില്‍ ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വെള്ളിയാഴ്ച രാത്രി പ്രാദേശിക സമയം 9.30 ഓടെയാണ് ഭീകരാക്രമണം നടന്നത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തിട്ടുണ്ട്. അതേസമയം ബംഗ്ലാദേശ് സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ബംഗ്ലാദേശിലെ ഏറ്റവും നയതന്ത്രപ്രധാനമായ സ്ഥലത്താണ് ആക്രമണം നടന്നിരിക്കുന്നത്.
20 വിദേശികള്‍ ഉള്‍പ്പെടെ 35 ഓളം ആളുകള്‍ റെസ്റ്റോറന്റിന് ഉള്ളില്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്. റെസ്റ്റോറന്റില്‍ പ്രവേശിച്ച അക്രമികള്‍ ആളുകള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ധരിച്ച ഏകദേശം അഞ്ച് പേരാണ് ആക്രമണത്തിന് പിന്നിലെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. വിവിധ രാജ്യങ്ങളുടെ നയകാര്യമന്ത്രാലയങ്ങള്ക്ക് സമീപമാണ് ആക്രമണമുണ്ടായത്. ചോദ്യം ചെയ്യലിനായി പൊലീസ് രണ്ട് റെസ്റ്റോറന്റ് ജീവനക്കാരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. റസ്റ്റോറന്റില്‍ നിന്നും നിരവധി തവണ വെടിവെയ്പ്പിന്റെ ശബ്ദം കേട്ടതായാണ് ദൃക്സാക്ഷികള്‍ പറയുന്നത്.
ബന്ദികളെ രക്ഷപെടുത്തുന്നതിന് കമാന്‍ഡോ ഓപ്പറഷേന്‍ നടത്താനാണ് ബംഗ്ലാദേശ് പൊലീസ് തീരുമാനം. സമീപവാസികളോട് വീടിനുള്ളില്‍ത്തന്നെ ഇരിക്കാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നഗരത്തിലേക്ക് ഇറങ്ങാന്‍ ആരെയും പൊലീസ് അനുവദിക്കുന്നില്ല. സ്വതന്ത്രമായ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് വേണ്ടിയാണ് ഇത്തരമൊരു നടപടി. കര, നാവിക, വ്യോമ സേനകള്‍ രക്ഷാപ്രവര്‍ത്തനത്തിനു വേണ്ട സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കി കാത്തിരിക്കുകയാണ്. ഉന്നത തലങ്ങളില്‍ നിന്നുള്ള അനുമതി ലഭിച്ചാല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങുമെന്ന് ദ്രുത കര്‍മ സേന ഉദ്യോഗസ്ഥന് വ്യക്തമാക്കി.