വയനാട്. വാകേരിയിലെ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ ഇന്നും തുടരും. രണ്ട് ദിവസം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലും കടുവയെ കാട്ടിലേക്ക് തുരത്താനോ കൂടുവച്ച് പിടികൂടാനോ സാധിക്കാതായതോടെയാണ് മയക്കുവെടിവയ്ക്കാന്‍ വനംവകുപ്പ് ഉത്തരവിട്ടത്.
പ്രദേശത്ത് ജില്ലാ ഭരണകൂടം പ്രഖ്യാപിച്ച നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്. സുല്‍ത്താന്‍ ബത്തേരി വാകേരിയിലെ ഗാന്ധി നഗറില്‍ വനത്തോട് ചേര്‍ന്ന റോഡില്‍ ബുധനാഴ്ച രാവിലെ ഏഴ് മണിയോടെയാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. പിന്‍കാലിന് ഗുരുതര പരിക്കേറ്റ കടുവ അവശനിലയിലായിരുന്നതിനാല്‍ വനത്തിലേയ്ക്ക് തുരത്താനുള്ള ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല.
കൂടുവച്ച് പിടികൂടാനുള്ള ശ്രമങ്ങളുണ്ടായെങ്കിലും അതും വിജയിച്ചില്ല. ഇതോടെയാണ് കടുവയെ മയക്കുവെടിവച്ച് പിടികൂടാന്‍ ഇന്നലെ വൈകുന്നേരത്തേടെ അധികൃതര്‍ ഉത്തരവിട്ടത്. പ്രദേശത്തെ കാപ്പിത്തോട്ടത്തില്‍ അവശനിലയില്‍ കണ്ട കടുവ പരിസര പ്രദേശത്ത് തന്നെയുണ്ടെന്നാണ് വനപാലകരുടെ വിലയിരുത്തല്‍.