വിദ്യാര്‍ഥിയും പിതൃസഹോദര ഭാര്യയും മുങ്ങി; പോലീസ് അന്വേഷണം തുടരുന്നു

ചേര്‍ത്തല: പത്താം ക്ലാസ്‌ വിദ്യാര്‍ഥിയെയും പിതൃസഹോദര ഭാര്യയെയും കാണാതായെന്ന്‌ പരാതി. മായിത്തറ സ്വദേശിയായ വിദ്യാര്‍ഥിയേയും പിതാവിന്റെ ജ്യേഷ്‌ഠന്റെ ഭാര്യ കടവന്ത്രയില്‍ താമസിക്കുന്ന ഇരുപത്തിയെട്ടുകാരിയേയുമാണ്‌ കാണാതായത്‌. ഇരുവരും മധുരയിലെത്തിയെന്ന സൂചനയെ തുടര്‍ന്ന്‌ പോലീസ്‌ സംഘം ഇവിടേയ്‌ക്ക്‌ തിരിച്ചു.

ഇവര്‍ തിരുവനന്തപുരം തമ്പാനൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ ഇറങ്ങിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസിന്‌ ലഭിച്ചിട്ടുണ്ട്‌. ഇവിടെ നിന്ന്‌ ഇവര്‍ മധുരയിലേക്ക്‌ ട്രെയിനില്‍ പോയയെന്ന വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ്‌ പോലീസ്‌ അന്വേഷണം തമിഴ്‌ നാട്ടിലേക്ക്‌ വ്യാപിപ്പിച്ചത്‌. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക്‌ വീട്ടില്‍ നിന്ന്‌ പുറപ്പെട്ട വിദ്യാര്‍ഥി കടവന്ത്രയില്‍ എത്തിയ ശേഷം ഇരുവരും ഒന്നിച്ച്‌ യാത്ര പുറപ്പെട്ടതാകാമെന്നാണ്‌ പോലീസ് പറയുന്നത്.

Loading...

ഉച്ചയ്‌ക്ക്‌ 3.30 ന്‌ പുന്നപ്രയിലെ ടവര്‍ പരിധിയില്‍ ഇവരുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച്‌ ഓഫ്‌ ആകുകയായിരുന്നു. വിദ്യാര്‍ഥിയെ കാണാതായത്‌ സംബന്ധിച്ച്‌ മാരാരിക്കുളം പോലീസും യുവതിയുടെ തിരോധാനം സംബന്ധിച്ച്‌ കടവന്ത്ര പോലീസും കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

ഒരാഴ്‌ച മുന്‍പ്‌ തണ്ണീര്‍മുക്കം സ്വദേശിയായ പത്താം ക്ലാസ്‌ വിദ്യാര്‍ഥിയും ചേര്‍ത്തല സ്വദേശിനിയായ സ്‌കൂള്‍ അധ്യാപികയും നാട്‌ വിട്ടിരുന്നു. പിന്നീട്‌ ദിവസങ്ങള്‍ക്ക്‌ ശേഷം ഇവരെ ചെന്നെയില്‍ നിന്ന്‌ പോലീസ്‌ കണ്ടെത്തുകയായിരുന്നു.