ഇന്ത്യയില്‍ നിന്നുമുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് വിവേചനപരമല്ല എന്ന് ആസ്ട്രേലിയന്‍ പ്രധാനമന്ത്രി

രൂക്ഷമായ കോവിഡ് സാഹചര്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍ നിന്നുമെത്തുന്ന യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ആസ്ട്രേലിയന്‍ പ്രധാനമന്ത്രി അറിയിച്ചിരുന്നു. ഇത് ലംഘിച്ചു രാജ്യത്തെത്തുന്നവര്‍ അഞ്ച് വര്‍ഷത്തെ തടവും 38000 പൗണ്ട് പിഴയും അടക്കണമെന്നും വാരാന്ത്യത്തില്‍ അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ അദ്ദേഹം മുന്‍പ് പ്രസ്താവിച്ചതുപ്രകാരമുള്ള ജയില്‍ ശിക്ഷ പിന്‍വലിച്ചതായി അറിയിച്ചു.

ഐ പി എല്‍ നടക്കുന്ന സാഹചര്യത്തില്‍ ആസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങളടക്കം 9000 പേരാണ് ഇന്ത്യയില്‍ കുടുങ്ങിയിരിക്കുന്നത്. പ്രസ്താവന വിവേചനപരമാണെന്നും തങ്ങള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിനുത്തരവാദി പ്രധാനമന്ത്രിയാണെന്നും ആരോപിച്ച്‌ ആസ്ട്രേലിയയിലെ മുന്‍ ടെസ്റ്റ് ക്രിക്കറ്റ് താരം മൈക്കല്‍ സ്ലേറ്ററടക്കമുള്ളവര്‍ പ്രധാന മന്ത്രി മോറിസണിന്റെ പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. ആസ്ട്രേലിയന്‍ ജനതയെ രക്ഷിക്കുക എന്നതാണുദ്ദേശമെങ്കില്‍ തങ്ങളെ സ്വന്തം രാജ്യത്തേയ്ക് മടങ്ങാന്‍ അനുവദിക്കണമെന്നും അദ്ദേഹം വിമര്‍ശിച്ചു.

Loading...

പകര്‍ച്ചവ്യാധിയുടെ ആരംഭകാലം തൊട്ടുതന്നെ അതിര്‍ത്തികളെല്ലാമടച്ച്‌ വളരെ ശ്രദ്ധാപൂര്‍വ്വം നീങ്ങിയതിനാല്‍ രാജ്യത്തെ സാഹചര്യം, ലോകത്തെ ഭൂരിഭാഗം രാജ്യങ്ങളിലേതു പോലെ, വഷളായില്ല. വളരെ വിജയകരമായി പ്രതിരോധ കുത്തിവയ്പ്പ് രാജ്യത്തു തുടര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ രണ്ടാമതൊരു വ്യാപനമുണ്ടാകാന്‍ അനുവദിക്കില്ലെന്നും അതിനാല്‍ തന്നെ തന്റെ തീരുമാനം ഉചിതമാണെന്നും സ്കോട്ട് മോറിസണ്‍ അറിയിച്ചു. രാജ്യത്തിനു പുറത്തുള്ളവരെ തിരികെ കൊണ്ടുവരുന്ന പദ്ധതി മെയ് 15 മുതല്‍ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.