നിരവധി യൂറോപ്യന്‍ സുന്ദരിമാരാണ് ജിഹാദികളുടെ വധുവാകാന്‍ വീടുവിട്ടിറങ്ങി സിറിയയിലേക്ക് പാലായനം നടത്തിയത്. എന്നാല്‍ ഐഎസ് തകര്‍ന്നതോടെ ഇവരില്‍ ഭൂരിഭാഗവും അഭയാര്‍ഥി ക്യാമ്പുകളിലും മറ്റുമാണ്. 15-ാം വയസില്‍ ഐഎസില്‍ ചേരാന്‍ പോയ ബ്രിട്ടീഷുകാരി ഷമീമ ബീഗം മൂന്നാമത്തെ കുഞ്ഞിന്റെ പിറവിയോടെ സ്വദേശത്തേക്ക് മടങ്ങാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ബ്രിട്ടന്‍ ഈ ആവശ്യം ശക്തിയുക്തം എതിര്‍ക്കുകയാണ് ചെയ്തത്. ഇതോടെ എങ്ങോട്ടുപോകും എന്ന പ്രതിസന്ധിയിലാണ് ഇപ്പോള്‍ 19 വയസുള്ള ഷമീമ. ജിഹാദികളുടെ വധുവാകാന്‍ ഐഎസിലേക്കു പോയ മറ്റു യൂറോപ്യന്‍ യുവതികളുടെയും അവസ്ഥ ഏറെക്കുറെ സമാനമാണ്.
ഇപ്പോള്‍ ഈ അവസ്ഥ നേരിടുന്നവരാണ് ഓസ്ട്രിയക്കാരായ സമാരയും സബീനയും.ജിഹാദികള്‍ക്ക് തുണയാകാന്‍ വീടുവിട്ട് സിറിയയിലേക്ക് പോകുമ്പോള്‍ സമാര കെസിനോവിച്ചിന് 16 വയസ്സും സബീന സെലിമോവിച്ചിന് 15 വയസ്സും. അഞ്ചുവര്‍ഷത്തിനുശേഷം ഇപ്പോള്‍ ഇരുവര്‍ക്കും ജന്മനാട്ടിലേക്ക് തിരിച്ചെത്തണം. എത്തിയാല്‍ ചുരുങ്ങിയത് 15 വര്‍ഷം തടവുശിക്ഷ അനുഭവിക്കണമെന്ന കര്‍ശന നിലപാടിലാണ് ജന്മനാടായ ഓസ്ട്രിയ.
2014 ഏപ്രിലിലാണ് ഇരുവരും സിറിയയിലേക്ക് പോയത്. അവിടെ ഐസിസ് ഭീകരരുടെ ഭാര്യമാരായി ജിഹാദിന് കൂട്ടുനില്‍ക്കുകയായിരുന്നു ലക്ഷ്യം. രണ്ടുപേരും ഐസിസ് ഭീകരരെ വിവാഹം ചെയ്യുകയും അവരില്‍നിന്ന് കുട്ടികളുണ്ടാവുകയും ചെയ്തു. എ.കെ.-47 തോക്കുകളേന്തി നില്‍ക്കുന്ന സമാരയുടെയും സബീനയുടെയും ചിത്രമടങ്ങിയ പോസ്റ്റര്‍ ഐസിസ് യൂറോപ്യന്‍ രാജ്യങ്ങളില്‍നിന്ന് കൂടുതല്‍ യുവതികളും യുവാക്കളും സംഘടനയില്‍ ചേരുന്നതിനുവേണ്ടി ഐസിസ് ഉപയോഗിച്ചിരുന്നു.
ഐസിസിന്റെ പോസ്റ്റര്‍ ഗേള്‍സായിരുന്നു ഇവര്‍ ഇരുവരും. ഇരുവരും കൊല്ലപ്പെട്ടതായി ഡിസംബറില്‍ വാര്‍ത്തകളുണ്ടായിരുന്നു. എന്നാലിത് വ്യാജമാണെന്ന് പിന്നീട് തെളിഞ്ഞു. ഇരുവരും ഇപ്പോള്‍ ഓസ്ട്രിയക്ക് തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് ഡിറാഡ് എന്ന സംഘടനയാണ് അറിയിച്ചത്. തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് പോകുന്നവരെ തിരികെ മുഖ്യധാരയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഓസ്ട്രിയന്‍ സംഘടനയാണിത്. തിരിച്ചുവന്നാല്‍ തടവുശിക്ഷ നേരിടേണ്ടിവരുമെന്നും സംഘടന വ്യക്തമാക്കി.
ഭീകരത വളര്‍ത്താന്‍ ശ്രമിച്ചുവെന്നതുമുതല്‍ കൊലപാതകം വരെയുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തപ്പെടുമെന്ന് ഡിറാഡ് വ്യക്തമാക്കി. ഐസിസ് വെബ്സൈറ്റുകളില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങള്‍ ഇവര്‍ക്കെതിരായ തെളിവുകളായി മാറും. മാത്രമല്ല, ഓസ്ട്രിയയിലേക്ക് തിരിച്ചെത്തിയാല്‍ സമാരയുടെയും സബീനയുടെയും കുട്ടികളെ സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഡിറാഡിന്റെ ചുമതലക്കാരനായ മൗസ അല്‍ ഹാസന്‍ ഡിയോ പറഞ്ഞു
കുട്ടികളെ ഭീകരവാദവും തീവ്രവാദവും ഒരുതരത്തിലും സ്വാധീനിച്ചിട്ടില്ലെന്ന് ബോധ്യമായാല്‍ മാത്രമേ ഓസ്ട്രിയയിലുള്ള ബന്ധുക്കള്‍ക്ക് കൈമാറൂ. ഓസ്ട്രിയയിലെത്തും മുമ്പ് സമാരയും സബീനയും മാനസികാവസ്ഥയുള്‍പ്പെടെ കര്‍ശനമായ പരിശോധനകള്‍ക്കും വഴങ്ങേണ്ടിവരും. ഭീകരത ഇവരെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും പരിഷ്‌കൃത സമൂഹത്തില്‍ ജീവിക്കാന്‍ ഇവര്‍ എത്രത്തോളം യോഗ്യരാണെന്നും മനസ്സിലാക്കുന്നതിനുവേണ്ടിയാകും ഈ പരിശോധനകളെന്നും ഡിയോ പറഞ്ഞു