കല്‍പറ്റ. ശാരീരിക ബുദ്ധിമുട്ടുകള്‍ നേരിടുന്ന വയോധികയെ നിര്‍ബന്ധപൂര്‍വം കോടതിയില്‍ ഹാജരാക്കി. 2003ലെ മുത്തങ്ങ ആദിവാസി സമരത്തില്‍ പങ്കെടുത്ത വയോധികയെയാണ് അധികൃതര്‍ കഷ്ടപ്പെടുത്തിത്. ബത്തേരി ചീരാല്‍ മുരിക്കിലാടി ഊരാളി കോളനിയിലെ മാരിയെ 74 ഇന്നലെ രാവിലെയാണ് വിചാരണയ്ക്കായി കോടതിയില്‍ എത്തിയത്. വടി ഉപയോഗിച്ചാലും പരസഹായമില്ലാതെ നേരെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു അവര്‍.
കോടതിയില്‍ പോകുവാന്‍ പട്ടികവര്‍ഗ വകുപ്പ് ഏര്‍പ്പെടുത്തിയ ഓട്ടോയിലാണ് മാരിയ കോടതിയില്‍ എത്തിയത്. തുടര്‍ന്ന് രണ്ട് മണിക്ക് കോടതി നടപടികള്‍ പൂര്‍ത്തിയാക്കും വരെ കാത്തിരിക്കേണ്ടി വന്നു. തുടര്‍ന്ന് കോടതി നടപടികള്‍ പൂര്‍ത്തിയാക്കി വിട്ടിലേക്ക് തിരിച്ച് പോകുവാന്‍ സാധിച്ചെങ്കിലും രണ്ട് പേരുടെ ജാമ്യം വേണ്ടിവന്നു.
കേസ് വീണ്ടും പരിഗണിക്കുന്നത് അടുത്ത 20നാണ് അന്നും മാരി എത്തണമെന്നാണ് കോടതിയുടെ നിര്‍ദേശം. മാരിയെ കോടതിയിലേക്ക് എത്തിക്കുവാനോ ഒപ്പം നില്‍ക്കുവാനോ വനിതാ പോലീസ് ഇല്ലായിരുന്നുവെന്നും ബന്ധുക്കള്‍ പറഞ്ഞു. മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസില്‍ മാരിയും ഭര്‍ത്താവ് കാളനും പ്രതി ചേര്‍ക്കപ്പെട്ടിരുന്നു.