അമ്മ മരിച്ചെന്ന് പറഞ്ഞ് തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ പിടിച്ചു, ഒടുവില്‍ യാത്രക്കാരന്‍ മുങ്ങി

തൃശ്ശൂര്‍: ആള്‍ക്കാര്‍ക്ക് ഉപകാരം ചെയ്താലും അത് അവസാനം അവനവനെ തന്നെ കുഴിയില്‍ ചാടിക്കുന്ന അനുഭവങ്ങളായി മാറാറുണ്ട് പലര്‍ക്കും. ഇത്തരത്തിലുണ്ടാകുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പലരും പിന്നീട് ഒരാളെ ഒന്ന് സഹായിക്കാന്‍ പോലും തയ്യാറാകാതെ ഇരിക്കുന്നതും. അതുപോലുള്ള വലിയൊരു ചതിയില്‍ ഒരു ഓട്ടോഡ്രൈവര്‍ അകപ്പെട്ടതിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സംഭവം നമ്മുടെ കേരളത്തിലും.തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഓട്ടോ വിളിക്കുകയും പിന്നീട് പണം നല്‍കാതെ മുങ്ങിയ ആളെ തേടിയുമാണ് ഇപ്പോള്‍ ഒരു ഓട്ടോ ഡ്രൈവര്‍ അലയുന്നത്.

ചാലക്കുടിക്കാരന്‍ രേവത് ആണ് കടം നല്‍കിയ തുകയും ഇന്ധനചിലവും ഉള്‍പ്പെടെ 7,500 രൂപ നല്‍കാതെ മുങ്ങിയ ആളെ തേടി നടക്കുന്നത്. കഴിഞ്ഞ മാസം 28 നായിരുന്നു സംഭവം നടന്നത്. ഒരു പകല്‍ മുഴുവന്‍ ഓടിയ ശേഷം രാത്രി പത്തരയോടെ ഓട്ടം മതിയാക്കി വീട്ടിലേക്ക് പോകാനിരിക്കുമ്പോഴായിരുന്നു ഒരാള്‍ ഓടിയെത്തി സഹായം ചോദിച്ചത്. ”അമ്മ മരിച്ചു. പെട്ടന്ന് തിരുവനന്തപുരത്ത് എത്തണം. കൊണ്ടുവിടാമോ?” എന്നായിരുന്നു അയാളുടെ ചോദ്യം. നടന്‍ ദിലീപിന്റെ അസിസ്റ്റന്റ് ആണെന്നും രേവതിനോട് ഇയാള്‍ പറഞ്ഞിരുന്നു.മാത്രമല്ല കയ്യില്‍ കാശില്ലെന്നും തിരുവനന്തപുരത്ത് എത്തിയാല്‍ തരാമെന്നും പറഞ്ഞു. ഒപ്പം ഫോണിലൂടെ അളിയനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയ ആളും പണം തരാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഉടന്‍ തന്നെ രേവത് സുഹൃത്തുക്കളില്‍ നിന്ന് കടം വാങ്ങി ഡീസലടിച്ച് തിരുവനന്തപുരത്തേക്ക് പുറപ്പെടുകയായിരുന്നു.

Loading...

ഇടയ്ക്ക് കരുനാഗപ്പള്ളിയില്‍ വച്ച് ഇയാള്‍ക്ക് ഭക്ഷണവും വാങ്ങി നല്‍കിയിരുന്നു. തിരുവനന്തപുരത്ത് എത്തിയപ്പോള്‍ നെയ്യാറ്റിന്‍കര പോകണമെന്നാണ് ഇയാള്‍ പറഞ്ഞത്. നെയ്യാറ്റിന്‍കരയിലെത്തിയെങ്കിലും. അവിടെയല്ല അമ്മ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലാണെന്നും അങ്ങോട്ട് പോകണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഒടുവില്‍ ജനറല്‍ ആശുപത്രിക്ക് ഉള്ളില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. നോക്കിയിട്ട് വരട്ടെ എന്ന് പറഞ്ഞ് ആയിരം രൂപയും വാങ്ങി പോയി. പിന്നെ ഇയാളെ കാണാതാകുകയായിരുന്നു. ഒരു മണിക്കൂര്‍ കാത്ത് നിന്നിട്ടും ആള്‍ വരാതായപ്പോള്‍ സംശയം തോന്നി. തുടര്‍ന്നാണ് രേവത് തമ്പാനൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.