ന്യൂഡല്‍ഹി: ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായത് യുവതി! പീഡനം പകര്‍ത്താന്‍ ശ്രമിച്ച കുറ്റത്തിന് യുവതിയുടെ കൂട്ടുകാരിയെ പോലീസ് തെരയുന്നു. ഉമേഷ് പ്രസാദ് (41) എന്ന ഓട്ടോക്കാരനാണ് പീഡനശ്രമത്തിനിരയായത്. സംഭവത്തില്‍ രേണു ലാല്‍വാനി എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ കൂട്ടുകാരിയായ ടാന്‍സാനിയക്കാരിക്കുവേണ്ടി പോലീസ് തെരച്ചില്‍ ആരംഭിച്ചു. പോലീസ് ലാല്‍വാനിയുടെ ഫ്‌ളാറ്റില്‍ നടത്തിയ തെരച്ചിലില്‍ നാല് ഓട്ടോ ബാഡ്ജുകളും ചിലരുടെ ഡ്രൈവിംഗ് ലൈസന്‍സുകളും കണ്ടെടുത്തു. സമാനമായ രീതിയില്‍ മറ്റു ഡ്രൈവര്‍മാരെയും ഇവര്‍ ലൈംഗിക ബന്ധത്തിനു പ്രേരിപ്പിച്ച് ദൃശ്യങ്ങള്‍ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നു സംശയിക്കുന്നതായി പോലീസ് അറിയിച്ചു.

ബുധനാഴ്ച വൈകുന്നേരം ദക്ഷിണ ഡല്‍ഹിയിലെ സാകേതിലാണ് കേസിനാസ്പദമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്. രേണു ലാല്‍വാനി, സാകേതില്‍ നിന്ന് ഏഴു കിലോമീറ്റര്‍ അകലെയുള്ള അര്‍ജുന്‍ നഗറിലേക്ക് ഉമേഷിന്റെ ഓട്ടോ വിളിച്ചു. അര്‍ജുന്‍ നഗറിലെത്തിയപ്പോള്‍ ലാല്‍വാനി ഓട്ടോക്കൂലി നല്‍കുന്നതിനെന്ന വ്യാജേന തന്റെ ഫ്‌ളാറ്റിലേക്ക് ഉമേഷിനെ വിളിച്ചു. ഫ്‌ളാറ്റിലെത്തിയ ഉമേഷിന് ഇവര്‍ കുടിക്കാന്‍ വെള്ളം നല്‍കി. ഉമേഷ് വെള്ളം കുടിക്കുമ്പോള്‍ ലാല്‍വാനി കതകിനു കുറ്റിയിട്ടു. പിന്നീട് ലൈംഗികബന്ധത്തിന് ഉമേഷിനെ പ്രേരിപ്പിച്ചു. എന്നാല്‍ ഉമേഷ് ഇതിനു വഴങ്ങിയില്ല. ഇതോടെ മദ്യം നല്‍കാമെന്ന് ഇവര്‍ പറഞ്ഞു. എന്നാല്‍ ഇതിനും വഴങ്ങാതെ വന്നതോടെ ലാല്‍വാനി ബലം പ്രയോഗിച്ചു. സ്വയം വിവസ്ത്രയാകാന്‍ ശ്രമിച്ചു. ഉമേഷിനെ ചുംബിക്കാന്‍ ശ്രമിച്ചു. ഉമേഷിന്റെ വസ്ത്രങ്ങളും മറ്റും ഇവര്‍ കീറിയെറിഞ്ഞു. പിടിവലിയില്‍ ഉമേഷിന് കാര്യമായ പരിക്കും പറ്റി. ഈ സമയം യുവതിയുടെ ടാന്‍സാനിയക്കാരിയായ കൂട്ടുകാരിയും ഫ്‌ളാറ്റിലുണ്ടായിരുന്നു. ഇവര്‍ ഈ രംഗങ്ങള്‍ കാമറയില്‍ പകര്‍ത്താന്‍ ശ്രമിച്ചു.

യുവതികളില്‍ നിന്നും രക്ഷപ്പെടാന്‍ കുതറിമാറി, ഇയാള്‍ ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍നിന്ന് താഴേക്ക് ചാടി രക്ഷപ്പെട്ടു. ചാട്ടത്തില്‍ കാല് ഒടിയുകയും ചെയ്തു. ഇവിടെനിന്ന് രക്ഷപ്പെട്ട ഉമേഷ് പോലീസില്‍ പരാതിപ്പെട്ടു.