ഇതരസംസ്ഥാനതൊഴിലാളിയെ മുഖത്തടിച്ചും മര്‍ദിച്ചും ആക്രമിച്ചു;ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍. വിഴിഞ്ഞത്താണ് സംഭവം. ഡ്രൈവര്‍ സുരേഷിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിഴിഞ്ഞം മുക്കോല സ്റ്റാന്‍ഡിലെ ഓട്ടോഡ്രൈവറാണ് സുരേഷ്. സുരേഷിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കേസിനാസ്പദമായ സംഭവം ഇങ്ങനെയാണ്,

കഴിഞ്ഞ ദിവസമാണ് നാടിനെ ഞെട്ടിച്ച ഈ സംഭവം ഉണ്ടായത്.ഇതരസംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനാണ് മര്‍ദനം ഏറ്റത്.സുരേഷ് തന്റെ ഓട്ടോറിക്ഷ പിന്നിലേക്ക് എടുക്കുമ്പോള്‍ അത് വഴി വരുകയായിരുന്ന ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. കണ്ടുനിന്ന നാട്ടുകാരാരും സംഭവത്തില്‍ പ്രതികരിച്ചില്ല. മര്‍ദിച്ചശേഷം സുരേഷ്, ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചു. പിന്നീട് കാര്‍ഡ് വാങ്ങിയശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് അത് തിരിച്ചുവാങ്ങാന്‍ പറഞ്ഞ് ഗൗതമിനെ വിരട്ടിയോടിച്ചു.

Loading...

ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചപ്പോള്‍ വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തുകയായിരുന്നു. പിടിയിലായ സുരേഷ് ഇതിന് മുമ്പും മറുനാടന്‍ തൊഴിലാളികളെ മര്‍ദിച്ചിട്ടുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. അടുത്തിടെ മൊബൈല്‍ ഫോണ്‍ റീച്ചാര്‍ജുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഒരു കടയുടമയെയും ഇയാള്‍ മര്‍ദിച്ചിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സുരേഷ് കഞ്ചാവിന് അടിമയാണെന്നും ലഹരിവസ്തുക്കള്‍ വില്‍ക്കാറുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.

വിഴിഞ്ഞം-കോവളം ഭാഗത്തെ സ്ഥിരം പ്രശ്നക്കാരനാണ് കടല സുരേഷ്. ഇയാളുടെ അമ്മയ്ക്ക് കടല കച്ചവടമാണ്. കുട്ടിക്കാലത്ത് അമ്മയെ സഹായിക്കാൻ കടല കച്ചവടത്തിന് എത്തുമായിരുന്നു. അതുകൊണ്ടാണ് കടല സുരേഷ് എന്ന് വിളിക്കുന്നത്. സ്ഥിരം അടിപിടി കേസുകളിൽ പ്രതിയാണ്. എന്നാൽ കഴിഞ്ഞ ദിവസം ഇതരസംസ്ഥാന തൊഴിലാളിയെ മർദ്ദിച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ഇതോടെ ഇയാളെ സംരക്ഷിക്കാൻ പൊലീസിനും കഴിയാതെ വന്നു. പുതിയ സിഐയും അറസ്റ്റ് ചെയ്‌തേ മതിയാകൂവെന്ന നിലപാട് എടുത്തു. ഇതോടെ കടല സുരേഷ് അകത്തായി. ഇപ്പോഴത്തെ പരാതിയിൽ ഇയാൾക്കെതിരെ വധശ്രമത്തിതിനടക്കം കേസെടുത്തതായി വിഴിഞ്ഞം സിഐ പ്രവീൺ പറഞ്ഞു.സംഭവം നടന്ന ശേഷം പരാതി ലഭിക്കാത്തതിനാൽ കേസെടുക്കാനാവില്ല എന്ന നിലപാടിലായിരുന്ന പൊലീസ് ദൃശ്യമാധ്യമങ്ങളിലടക്കം മർദ്ദനത്തിന്റെയും അസഭ്യവർഷത്തിന്റെയും ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് കേസെടുത്തത്. ഇതിനിടെ പ്രതി ഇക്കഴിഞ്ഞ 7 ന് ഒരു കടയിൽ കയറി മറ്റൊരു യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഇയാൾ ഇത്തരത്തിൽ മറ്റ് പലരെയും മർദ്ദിച്ചതിനുള്ള തെളിവും പൊലീസിന് കിട്ടിയിട്ടുണ്ട്. ഇതരസംസ്ഥാനത്തൊഴിലാളിയെ മർദ്ദിച്ചതിന്റെ പേരിൽ ഇയാൾക്കെതിരെ വധശ്രമത്തിനുള്ള വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അക്രമത്തിനിരയായ ഇതര സംസ്ഥാനത്തൊഴിലാളിയിൽ നിന്ന് പൊലീസ് മൊഴിയെടുത്തിരുന്നു. തുടക്കത്തിൽ ജാമ്യമുള്ള കേസ് എടുക്കാനായിരുന്നു നീക്കം. എന്നാൽ വിവാദത്തിന് പുതിയ തലം വരുമെന്നതിനാൽ കൂടുതൽ ശക്തമായ വകുപ്പ് ചുമത്തുകയായിരുന്നു,
ഇതരസംസ്ഥാന തൊഴിലാളിയായ ഗൗതം മണ്ഡലിനെയാണ് നാട്ടുകാർ നോക്കിനിൽക്കെ ശനിയാഴ്ച സുരേഷ് മർദ്ദിച്ചത്. ജോലി കഴിഞ്ഞ് വരുന്ന വഴി മുക്കോലയിലെ മൊബൈൽ റീചാർജ്ജ് കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ അശ്രദ്ധമായി ഓട്ടോ പിന്നിലേക്ക് എടുത്ത സുരേഷ് ഗൗതമിനെ അസഭ്യം പറയുകയായിരുന്നു. ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഗൗതം മണ്ഡലിന്റെ തിരിച്ചറിയൽ രേഖയും ഇയാൾ പിടിച്ചുവാങ്ങിയിരുന്നു. മറ്റ് ഓട്ടോ ഡ്രൈവർമാർ ഇടപെട്ടാണ് തിരിച്ചറിയൽ കാർഡ് തിരിച്ചുനൽകിയത്.

തുടക്കത്തിൽ പൊലീസ് കേസെടുത്തില്ല. ആരും പരാതി നൽകാത്തതാണ് ഡ്രൈവർക്കെതിരെ കേസെടുക്കാതിരിക്കാൻ കാരണമെന്നായിരുന്നു പൊലീസിന്റെ വാദം. സംഭവം വിവാദമായതോടെയാണ് ഡ്രൈവർക്കെതിരെ കേസെടുക്കാൻ പൊലീസ് തയ്യാറായത്. തുടർന്നാണ് ഇയാളെ ഓട്ടോസ്റ്റാൻഡിലെത്തി പിടികൂടിയത്. നേരത്തെയും ഇയാൾ ആളുകളെ അകാരണമായി മർദ്ദിച്ചതായി പരാതികൾ ഉയർന്നിട്ടുണ്ട്. ഒരു മൊബൈൽ കട ഉടമയെ സുരേഷ് മർദ്ദിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിട്ടുണ്ട്. ഇയാൾ കഞ്ചാവിന് അടിമയാണ് എന്നാണ് സ്റ്റാൻഡിലെ മറ്റു ഡ്രൈവർമാർ പറയുന്നത്. പൊലീസുമായി അടുത്ത ബന്ധമുണ്ട്. ശനിയാഴ്ച മർദിച്ചതിനുശേഷം ഗൗതമിന്റെ കാർഡ് പിടിച്ചു വാങ്ങിയ സുരേഷ് പൊലീസ് സ്റ്റേഷനിൽ വന്നു വാങ്ങാൻ ആക്രോശിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തു.

സുരേഷ് നിരവധി ക്രിമിനൽ കേസിലെ പ്രതിയാണെന്നും പൊലീസ് വ്യക്തമാക്കി.സുരേഷിന് വർഷങ്ങളായി കഞ്ചാവ് വിൽപന ഉള്ളതായും ആരോപണമുയരുന്നു. കഞ്ചാവിന്റെയും മറ്റു ലഹരികളുടെയും അടിമയായ ഇയാൾക്ക് മാനസിക അസ്വാസ്ഥ്യമെന്ന സർട്ടിഫിക്കറ്റ് ഉള്ളതിനാൽ പൊലീസ് പിടിക്കില്ലെന്നും ആക്ഷേപമുണ്ട്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലെ ഒരു ഗ്രേഡ് എസ്‌ഐക്ക് ബിവറേജ് ഔട്ട്ലറ്റിൽ നിന്നും മദ്യം വാങ്ങി നൽകുന്നതും ഇയാളാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു. ഈ ബന്ധം ആണ് ഇയാളെ പലപ്പോഴും പൊലീസിന്റെ കൈയിൽ നിന്നും രക്ഷപ്പെടുത്തുന്നതെന്നാണ് ആരോപണം.