കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതല്ല അപകട കാരണം, അത് ലോറി ഡ്രൈവറുടെ പിഴവ് തന്നെ

കോയമ്പത്തൂര്‍: അവിനാശിയില്‍ കെ എസ് ആര്‍ ടി സി വോള്‍വോ ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറി ഉണ്ടായ അപകടത്തില്‍ 19 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. മരിച്ച പത്തൊമ്പത് പേരും മലയാളികളാണ്. ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസില്‍ ഇടിച്ചു കയറി എന്നായിരുന്നു ആദ്യ നിഗമനം. ഇത്തരമൊരു മൊഴിയാണ് പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ഡ്രൈവര്‍ എ. ഹേമരാജും നല്‍കിയിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ ടയര്‍ പൊട്ടിയത് അല്ല അപകട കാരണം എന്ന് കണ്ടെച്ചി. ടയര്‍ പൊട്ടിയതാണെന്ന ഹേമരാജിന്റെ വാദം മോട്ടോര്‍വാഹന വകുപ്പും തളളിക്കളഞ്ഞിട്ടുണ്ട്.

കോയമ്പത്തൂര്‍ സേലം ഹൈവേയിലെ ആറുവരി പാതയുടെ വലതുവശം ചേര്‍ന്ന് വന്ന ലോറി ഡിവൈഡറില്‍ ഉരഞ്ഞ് 250 മീറ്ററോളം ഓടിയ ശേഷം ഡിവൈഡര്‍ മറികടന്ന് മറുഭാഗത്തെത്തി ബസില്‍ ഇടിച്ചു കയറിയത്. കണ്ടെയ്‌നര്‍ ലോറിയുടെ ഡ്രൈവര്‍ ഹേമരാജ് ഉറങ്ങി പോയതാണ് അപകടത്തില്‍ കലാശിച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് എത്തുന്ന വിവരം. ഡ്രൈവര്‍ ഇപ്പോള്‍ ഈറോഡ് പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. മനപൂര്‍വമല്ലാത്ത നരഹത്യ, അശ്രദ്ധമായി വാഹനമോടിക്കല്‍ തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്.

Loading...

കൊച്ചി കടവന്ത്രയിലെ കോസ്റ്റ ഷിപ്പിങ്ങ് കമ്പനിയുടേത് ആണ് കണ്ടെയ്‌നര്‍ ലോറി. വല്ലാര്‍പാടം ടെര്‍മിനലില്‍ നിന്ന് ടൈല്‍ നിറച്ച കണ്ടെയ്‌നറുമായി പോകുന്നതിനിടെയാണ് അപകടത്തില്‍പ്പെട്ടത്. ലോറിയില്‍ അമിത ലോഡ് കയറ്റിയിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തല്‍. ഡ്രൈവിങ്ങിനിടയില്‍ ശ്രദ്ധ നഷ്ടപ്പെട്ടെന്നും ഡിവൈഡറില്‍ ഇടിച്ച ശേഷമാണ് നിയന്ത്രണം നഷ്ടപ്പെട്ടതായി തിരിച്ചറിവ് വന്നതെന്നും ഡ്രൈവര്‍ ഹേമരാജ് മൊഴി നല്‍കിയിരുന്നു.

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂര്‍ അണ്ടത്തോട് കള്ളിവളപ്പില്‍ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തില്‍ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടില്‍ ജോണിന്റെ ഭാര്യ റോഷാന, തൃശൂര്‍ പുറനയുവളപ്പില്‍ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂര്‍ സ്വദേശി കിടങ്ങേന്‍ ഷാജു ഷൈനി ദമ്പതികളുടെ മകന്‍ ജിസ്‌മോന്‍ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസില്‍ ശിവകുമാര്‍ (35), തൃശൂര്‍ ഒല്ലൂര്‍ അപ്പാടന്‍ വീട്ടില്‍ ഇഗ്‌നി റാഫേല്‍ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, തങ്കച്ചന്‍ കെ.എ (40) എറണാകുളം, ജോഫി പോള്‍ സി. (30) തൃശൂര്‍, മാനസി മണികണ്ഠന്‍ (25) എറണാകുളം, അനു കെ.വി (25) തൃശൂര്‍, ശിവശങ്കര്‍ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കര്‍ണാടകയിലെ തുംകൂര്‍ സ്വദേശി കിരണ്‍ കുമാര്‍ എം.എസ് (33) എന്നിവരാണ് മരിച്ചത്. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ പെരുമ്പാവൂര്‍ വലവനത്ത് വീട്ടില്‍ വി.ഡി. ഗിരീഷ് (43), കണ്ടക്ടര്‍ എറണാകുളം ആരക്കുന്നം വല്ലത്തില്‍ വി.ആര്‍. ബൈജു (42) എന്നിവരും മരിച്ചു.

ടൈല്‍സുമായി കേരളത്തില്‍ നിന്ന് പോയ കണ്ടെയ്‌നര്‍ ലോറിയാണ് അപകടമുണ്ടാക്കിയത്. കേരള രജിസ്‌ട്രേഷനിലുള്ള ലോറിയാണ് ഇത്. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന വോള്‍വോ ബസാണ് അപകടത്തില്‍? പെട്ടത്. പുലര്‍ച്ചെ മൂന്നരയ്ക്കാണ് കോയമ്ബത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയില്‍ വെച്ച് കെഎസ്ആര്‍ടിസി ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചത്. Kl 15 A 282 ബസാണ് അപകടത്തില്‍പ്പെട്ടത്. കണ്ടെയ്‌നര്‍ ലോറി അമിത വേഗത്തില്‍ ഡിവൈഡര്‍ മറികടന്ന് വന്നാണ് ബസില്‍ ഇടിച്ചത് എന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നത് നഗരത്തില്‍ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അര്‍ധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവര്‍ത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവര്‍ത്തനത്തിനെത്തിയത്. പിന്നീട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി. ബസ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്നാണ് പൊലീസ് പറയുന്നത്.