വിവാഹം ഏപ്രില്‍ 11ന്, പ്രതിശ്രുത വധുവിനെ കാണാന്‍ പോകവെ സനൂപിനെ മരണം തട്ടിയെടുത്തു

പയ്യന്നൂര്‍: വിവാഹത്തിന്റെ സ്വപ്‌നങ്ങള്‍ കണ്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരവെയാണ് അവിനാശിയിലെ അപകടം യമനായി സനൂപിന് മുന്നില്‍ എത്തിയത്. ഏപ്രില്‍ 11ന് സനൂപിന്റെ വിവാഹം ഉറപ്പിച്ചിരിക്കുക ആയിരുന്നു. മുന്‍ നിശ്ചയിച്ച പ്രകാരം നടത്താനിരുന്ന വിവാഹത്തിന്റെ ഒരുക്കങ്ങള്‍ നടന്ന് വരവെയാണ് സനൂപിനെ മരണം കവര്‍ന്നത്. പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം തെരു കാനത്തെ ഓട്ടോഡ്രൈവര്‍ എന്‍. വി .ചന്ദ്രന്റെയും ശ്യാമളയുടെയും മകനാണ് എന്‍ വി സനൂപ്. കഴിഞ്ഞമാസം നിശ്ചയിച്ച പ്രകാരം ഏപ്രില്‍ 11ന് വിവാഹം നടക്കാനിരിക്കെയാണ് സനൂപിന്റെ അപ്രതീക്ഷിത വേര്‍പാട്.

നീലേശ്വരം തെരുവിലെ യുവതിയുമായിട്ട് ആയിരുന്നു സനൂപിന്റെ വിവാഹം ഉറപ്പിച്ചിരുന്നത്. വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി വീടിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്ത് വീട് മോടിപിടിപ്പിക്കുന്ന തിരക്കിലായിരുന്നു അച്ഛന്‍ ചന്ദ്രനും കുടുംബാംഗങ്ങളും. വീടിന്റെ പെയിന്റിംഗ് പുരോഗമിച്ച് വരിക ആയിരുന്നു. അതിനിടെ ഇന്നലെ രാവിലെയാണ് അപകടത്തിന്റെ വാര്‍ത്ത എത്തിയത്. ഒന്ന് പകച്ചെങ്കിലും ആ ബസില്‍ മകന്‍ ഉണ്ടാകില്ല എന്ന് വിശ്വസിച്ച് ആശ്വസിക്കുക ആയിരുന്നു ആ അച്ഛനും അമ്മയും. എന്നാല്‍ അധികം വൈകാതെ മകന്റെ വേര്‍പാട് വിവരം അവര്‍ അറിഞ്ഞു. ആര്‍ക്കും വിശ്വസിക്കാനായില്ല. കണ്ടും കേട്ടും നിന്നവരുടെ കണ്ണ് നിറഞ്ഞു.

Loading...

ബംഗളൂരുവിലെ കോണ്ടിനന്റല്‍ ഓട്ടോമോട്ടീവ് കംപോണന്റ്‌സ് ഇന്ത്യ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ് സനൂപ്. എറണാകുളത്ത് ജോലി ചെയ്യുന്ന പ്രതിശ്രുത വധുവിനെ കാണുവാന്‍ വേണ്ടി ഉള്ള യാത്രയ്ക്കിടയിലാണ് സനൂപിനെ മരണം തട്ടിയെടുത്തത്. ബംഗളൂരുവിലെ ഇലക്‌ട്രോണിക് സിറ്റിയില്‍ നിന്നാണ് സനൂപ് ബസില്‍ കയറിയത്. ഈ ബസിലെ 14-ാം നമ്പര്‍ സീറ്റിലിരുന്നുള്ള യാത്രയിലും സനൂപ് നെയ്തു കൂട്ടിക്കൊണ്ടിരുന്ന വിവാഹ സ്വപ്‌നങ്ങളാണ് അപകടത്തിന്റെ രൂപത്തിലെത്തിയ മരണം ഒരു നിമിഷം കൊണ്ട് ഇല്ലാതെ ആയത്. ഒപ്പം മകനിലുള്ള വീട്ടുകാരുടെ ഒരുപാട് പ്രതീക്ഷകളും. സനൂപിന്റെ സഹോദരി സബിന വിവാഹിതയാണ്. ഇളയ സഹോദരന്‍ രാഹുല്‍ വിദ്യാര്‍ഥിയാണ്.

അതേസമയം കോയമ്പത്തൂര്‍ അവിനാശിയില്‍ കെ എസ് ആര്‍ ടി സി ബസിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിക്കും. മുഴുവന്‍ മൃതദേഹങ്ങളുടെയും പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നലെ തന്നെ പൂര്‍ത്തിയാക്കിയിരുന്നു. അപകടത്തില്‍ മരിച്ചവരുടെ ചേതനയറ്റ ശരീരങ്ങള്‍ വീടുകളിലേക്ക് എത്തി തുടങ്ങിയതോടെ വൈകാരികമായ പ്രതികരങ്ങള്‍ക്കാണ് നാട് സാക്ഷ്യം വഹിച്ചത്.

വ്യാഴാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്കുണ്ടായ അപകടത്തില്‍ 19 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു . അപകടത്തില്‍ മരണമടഞ്ഞ 19 പേരും മലയാളികളാണ്. അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ളത് 25 പേരാണ്. 48 പേരുമായി ബംഗളുരുവില്‍ നിന്നും എറണാകുളത്തേക്ക് വരികയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവറും കണ്ടക്ടറും സംഭവ സ്ഥലത്ത് വെച്ചു തന്നെ മരിച്ചിരുന്നു. കണ്ടെയ്‌നര്‍ ലോറിയുടെ ടയര്‍ പൊട്ടിയതാണ് അപകട കാരണം എന്നായിരുന്നു ആദ്യ പ്രാഥമിക നിഗമനം. എന്നാല്‍ ഡ്രൈവര്‍ ഉറങ്ങിയതാണ് കാരണം എന്ന് മോട്ടോര്‍ വാഹന വകുപ്പ് പറയുന്നു. മാത്രമല്ല ഡ്രൈവര്‍ക്ക് എതിരെ മനപൂര്‍വം അല്ലാത്ത നരഹത്യ കേസും എടുത്തിട്ടുണ്ട്.