ചരിത്ര വിധിക്ക് പിന്നിലെ അഞ്ച് ന്യായാധിപര്‍ ഇവര്‍

ബാബരി ഭൂമി കേസില്‍ സുപ്രീംകോടതി ചീഫ്​ ജസ്​റ്റിസ്​ രഞ്​ജന്‍ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടന ബെഞ്ച്​ വിധി പറഞ്ഞിരിക്കുകയാണ്​​. രഞ്​ജന്‍ ഗൊഗോയ്​ക്കൊപ്പം ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡേ, ജസ്​റ്റിസ്​ ഡി.വൈ ചന്ദ്രചൂഡ്​, ജസ്​റ്റിസ്​ അശോക്​ ഭൂഷന്‍, ജസ്​റ്റിസ്​ അബ്​ദുല്‍ നസീര്‍ എന്നിവരാണ്​ ബെഞ്ചിലെ മറ്റംഗങ്ങള്‍.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്

Loading...

രഞ്ജന്‍ ഗോഗോയ് വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ ജൂഡീഷ്യറിയുടെ പരമോന്നത സ്ഥാനം വഹിക്കുന്ന ആദ്യ വ്യക്തിയാണ് രഞ്ജന്‍ ഗോഗോയ്. 2018 ഒക്ടോബറിലാണ് അദ്ദേഹം സ്ഥാനമേല്‍ക്കുന്നത്. ഗുവാഹത്തി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്ത അദ്ദേഹം 2001 ഫെബ്രുവരി 28ന് സ്ഥിരം ജഡ്ജിയായി. ശേഷം പഞ്ചാബ്/ഹരിയാന ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. അവിടെ അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കുയര്‍ന്നു. 2012 ലാണ് അദ്ദേഹം സുപ്രീംകോടതിയിലെത്തിയത്.

ജസ്റ്റിസ് എസ്.എ ബോബ്ഡെ

രഞ്ജന്‍ ഗൊഗോയ് സ്ഥാനമൊഴിയുന്നതോടെ നവംബര്‍ 17 ന് ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കാന്‍ പോവുകയാണ് ജസ്റ്റിസ് ശരത് അരവിന്ദ് ബോബ്ഡെ. 2000 ല്‍ ബോംബെ ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം മധ്യപ്രദേശ് ഹൈക്കോടതി ജഡ്ജിയായി ചുമതലയേറ്റു. 2013 ലാണ് ബോബ്ഡെ സുപ്രീംകോടതി ജഡ്ജിയാവുന്നത്.

ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢ്

മുന്‍ ചീഫ് ജസ്റ്റിസ് വൈവി ചന്ദ്രചൂഢിന്റെ മകനാണ് ഡിവൈ ചന്ദ്രചൂഡ്. 2016 മേയിലാണ് അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. മുമ്പ് നേരത്തെ ബോംബെ ഹൈക്കോടതിയിലും അലഹബാദ് ഹൈക്കോടതിയിലും അദ്ദേഹം സേവനമനുഷ്ടിച്ചിട്ടുണ്ട്. അഡള്‍ട്ടറി നിയമം, സ്വകാര്യതയ്ക്കുള്ള അവകാശം ഉള്‍പ്പടെ നിരവധി വിഷയങ്ങള്‍ അദ്ദേഹം കൈകാര്യം ചെയ്തിട്ടുണ്ട്.

ജസ്റ്റിസ് അശോക് ഭൂഷന്‍

1979 ല്‍ സേവനമാരംഭിച്ച അശോക് ഭൂഷന്‍ 2001 അലഹബാദ് ഹൈക്കോടതിയില്‍ ജഡ്ജിയായി. 2014 ല്‍ കേരള ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റം ലഭിച്ച അദ്ദേഹം കുറച്ച് മാസങ്ങള്‍ക്ക് ശേഷം അവിടെ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയി മാറുകയും മാര്‍ച്ചില്‍ ചീഫ് ജസ്റ്റിസ് സ്ഥാനമേല്‍ക്കുകയും ചെയ്തു. 2016 മേയ് 13 ലാണ് അദ്ദേഹം സുപ്രീംകോടതിയില്‍ നിയമിതനാവുന്നത്.

ജസ്റ്റിസ് അബ്ദുള്‍ നസീര്‍

1983 ല്‍ അഭിഭാഷകനായി സേവനം ആരംഭിച്ച അദ്ദേഹം 20 വര്‍ഷക്കാലം കര്‍ണാടക ഹൈക്കോടതിയിലായിരുന്നു. 2003 ല്‍ അവിടെ അഡീഷണല്‍ ജഡ്ജ് എന്ന നിലയില്‍ നിയമിതനായ അദ്ദേഹം അടുത്ത വര്‍ഷം സ്ഥിരം ജഡ്ജിയായി ചുമതലയേറ്റു. 2017 ഫെബ്രുവരിയില്‍ സുപ്രീംകോടതിയില്‍ നിയമതിനായി. മുത്തലാഖുമായി ബന്ധപ്പെട്ട കേസില്‍ അദ്ദേഹത്തിന്റെ പേര് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.