അയോദ്ധ്യ മതസാഹോദര്യത്തിന്റെ മണ്ണ്; അഞ്ചേക്കര്‍ ഭൂമി സുന്നിവഖഫ് ബോര്‍ഡ് ഏറ്റെടുത്തു

അയോദ്ധ്യ മതസാഹോദര്യത്തിന്റെ മണ്ണായി മാറുന്നു. സുപ്രീംകോടതി വിധിയനുസരിച്ച് അയോദ്ധ്യയിലെ മുസ്ലിം പള്ളിക്ക് കൊടുക്കണമെന്ന് വിധിച്ചിരുന്ന അഞ്ചേക്കര്‍ ഭൂമി സുന്നി വഖഫ്‌ബോര്‍ഡ് സ്വീകരിച്ചു. മസ്ജിദ് പണിയാനുള്ള ഭൂമിയാണ് വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നത്. ഇതോടെ അയോദ്ധ്യ മതസാഹോദര്യത്തിന്റെ ഭൂമിയായി മാറും. അയോദ്ധ്യയിലെ രാമന്റെ പുണ്യഭൂമിക്ക് പുറത്ത് മസ്ജിദും ഉയരും. പതിറ്റാണ്ടുകളായി രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയിരുന്ന പ്രതിസന്ധിയാണ് ഇതോടെ പരിഹരിക്കപ്പെടുന്നത്. എഹ്കിലും വഖഫ് ബോര്‍ഡിന്റെ നിലപാടിനോട് എതിര്‍ത്ത് നില്‍ക്കുകയാണ് മുസ്ലിം വ്യക്തി നിയമബോര്‍ഡ്. എങ്കിലും അയോദ്ധ്യയിലെ ഹിന്ദു-മുസ്ലിങ്ങള്‍ സാഹോദര്യത്തോടെ തന്ന കഴിയുകയാണ്.

സുപ്രീംകോടതി നിര്‍ദ്ദേശിച്ചത് അനുസരിച്ചുവെന്ന് സുന്നി ബോര്‍ഡ് വ്യക്തമാക്കി. 2.77 ഏക്കര്‍ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ നല്‍കിയതിന് പകരമാണ് സ്ഥലം വേണ്ടെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അറിയിച്ചിരുന്നു. ആദ്യം വഖഫ് ബോര്‍ഡ് ഭൂമി ഏറ്റെടുക്കില്ലെന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. വഖഫ് ബോര്‍ഡില്‍ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തു. ഭൂമി സ്വീകരിക്കണമെന്ന് ഒരു വിഭാഗവും വേണ്ടെന്ന് മറ്റൊരു വിഭാഗവും അഭിപ്രായം ഉന്നയിച്ചു. ഇതോടെ പ്രതിസന്ധി ഉടലെടുത്തെങ്കിലും തര്‍ക്കങ്ങള്‍ രമ്യമമായി പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഭൂമി ഏറ്റെടുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. വഖഫ്‌ബോര്‍ഡ് മസ്ജിദിനുള്ള ഭൂമി ഏറ്റെടുത്തതോടെ വലിയ പ്രതിസന്ധിക്ക് തന്നെ പരിഹാരം കണ്ടെത്തിയിരിക്കുകയാണ്.

Loading...

നീതി കിട്ടിയില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോര്‍ഡിന്റെ അഭിപ്രായം. പള്ളിയില്‍ വിഗ്രഹം പ്രതിഷ്ഠിച്ചതും, പള്ളി തകര്‍ത്തതും ക്രിമിനല്‍ കുറ്റമായി കണ്ട കോടതിയുടെ നിലപാടില്‍ ശരികേടുണ്ടെന്നാണ് ബോര്‍ഡിന്റെ വിലയിരുത്തല്‍. ബാബ്‌റി മസ്ജിദിന് പകരം മുസ്ലിം പള്ളി പണിയാന്‍ അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി യുപി സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തിരുന്നു. മൂന്ന് മാസത്തിനുള്ളില്‍ പള്ളിക്കായി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി നല്‍കണമെന്നായിരുന്നു കോടതി വിധി.

അയോധ്യയില്‍ മുസ്ലിം പള്ളിക്കായി ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അഞ്ചുസ്ഥലങ്ങള്‍ കണ്ടെത്തിയിരുന്നത്. അയോധ്യ-ഫൈസാബാദ് റോഡ്, അയോധ്യ-ബസ്തി റോഡ്, അയോധ്യ-സുല്‍ത്താന്‍പുര്‍ റോഡ്, അയോധ്യ-ഗൊരഖ്പുര്‍ റോഡ് എന്നിവിടങ്ങളിലാണ് നാലുസ്ഥലങ്ങള്‍. പരിക്രമ പാതയില്‍നിന്ന് അകലെയുള്ള ദേശീയപാതകളിലൊന്നിന്റെ അരികിലാണ് അഞ്ചാമത്തെ സ്ഥലം കണ്ടെത്തിയിരുന്നത്. അയോധ്യയില്‍ ‘പഞ്ചകോശി പരിക്രമം’ നടക്കുന്ന പ്രദേശത്തിനു പുറത്താണ് സര്‍ക്കാര്‍ കണ്ടെത്തിയ സ്ഥലങ്ങളെല്ലാം. ഭാവിയില്‍ കുഴപ്പങ്ങളുണ്ടാകുന്നത് ഒഴിവാക്കാന്‍ ഈ പ്രദേശത്തുനിന്ന് ‘സുരക്ഷിതമായ അകലത്തില്‍’വേണം പള്ളിയെന്ന് സന്ന്യാസിമാര്‍ ആവശ്യപ്പെട്ടിരുന്നു. കണ്ടെത്തിയ സ്ഥലങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരത്തിനു സമര്‍പ്പിച്ചിരിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഏത് സ്ഥാലമാണ് വഖഫ് ബോര്‍ഡ് സ്വീകരിച്ചിരിക്കുന്നതെന്ന് വ്യക്തമായിട്ടില്ല.

കര്‍സേവകര്‍ 1992ലാണ് ബാബ്‌രി മസ്ജിദ് പൊളിച്ചത്. ശ്രീരാമന്റെ ജന്മസ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നതെന്നും മുഗള്‍ രാജാവായ ബാബര്‍ ക്ഷേത്രം പൊളിച്ചാണ് പള്ളി നിര്‍മിച്ചതെന്നും ആരോപിച്ചാണ് പള്ളി പൊളിച്ചത്. സംഭവം രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചു. 2019 നവംബര്‍ ഒമ്പതിനാണ് പതിറ്റാണ്ടുകള്‍ നീണ്ട അയോധ്യ-ബാബ്‌രി മസ്ജിദ് ഭൂമി തര്‍ക്കത്തില്‍ സുപ്രീം കോടതി വിധി പറഞ്ഞത്. പള്ളി പൊളിച്ചുനീക്കിയ സ്ഥലത്തേക്ക് ക്ഷേത്രം നിര്‍മിക്കാമെന്നും മുസ്ലീങ്ങള്‍ക്ക് പള്ളി നിര്‍മിക്കാനായി അയോധ്യയില്‍ അഞ്ച് ഏക്കര്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നുമായിരുന്നു വിധി. സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്ത് വിവിധ വ്യക്തികളും സംഘടനകളും ഹര്‍ജി സമര്‍പ്പിച്ചെങ്കിലും സുപ്രീംകോടതി തള്ളി. അയോധ്യയില്‍ രാമക്ഷേത്രനിര്‍മ്മാണത്തിനായുള്ള ട്രസ്റ്റ് രൂപീകരിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

അയോദ്ധ്യവിധി ഏറെ ഭീതിയോടെയാണ് രാജ്യം കാത്തിരുന്നത്. അയോദ്ധ്യയുടെ പേരില്‍ ഒരപാട് ചോരപ്പുഴ ഒഴുകിയ മണ്ണാണ്. അതേഭയമാണ് അയോദ്ധ്യ വിധി വരുമ്പോഴും ഏവരിലും ഉണ്ടായിരുന്നത്. എന്നാല്‍ ‘അയോധ്യാകേസില്‍ സുപ്രീംകോടതി ഉത്തരവു വന്നശേഷം സമാധാനവും സാഹോദര്യവും പുലര്‍ത്തുന്നതില്‍ രാജ്യം പക്വതയെ കാണിച്ചു. വാകാരികമായല്ല മാനുഷികമായി തന്നെയാണ് ജനം വിധി ഏറ്റെടുത്തത്. ജനാധിപത്യപ്രക്രിയയില്‍ ജനങ്ങള്‍ പ്രശംസനീയമായ വിശ്വാസം പ്രകടിപ്പിച്ചു. ഒരു കുടുംബത്തിലെ അംഗങ്ങളാണ് നമ്മളെല്ലാവരും എന്ന ചിന്തയാണ് പ്രകടിപ്പിക്കപ്പെട്ടത്. അതാണ് ഇന്ത്യയുടെ സവിശേഷതയും. അയോദ്ധ്യ രാജ്യത്തിന്റെ മതസാഹോദര്യത്തിന്റെ മണ്ണായി അറിയപ്പെണം. രാജ്യം മതത്തിന്റെ പേരില്‍ തമ്മില്‍ തല്ലുമ്പോള്‍ അയോദ്ധ്യയില്‍ രാമക്ഷേത്രവും അതിന് പുറത്ത് മസ്ജിദും ഉയരുമ്പോള്‍ രാജ്യത്തിന്റെ മുഖമുദ്രയായ മതേതരത്വം കെട്ടുറപ്പുള്ളത് തന്നെയെന്ന് തെളിയിക്കും.