അയോധ്യയിൽ അനുവദിച്ച അഞ്ചേക്കര്‍ സ്വീകരിക്കുന്നതിൽ സുന്നി വഖഫ് ബോര്‍ഡില്‍ ഭിന്നാഭിപ്രായം…

ന്യൂഡൽഹി : ഏറെ കാത്തിരുന്ന അയോധ്യ കേസിലെ വിധിന്യായത്തിൽ അനുവദിച്ച അഞ്ചേക്കർ ഭൂമി സ്വീകരിക്കണമോ എന്നകാര്യത്തിൽ സുന്നി വഖഫ് ബോർഡിൽ ഭിന്നാഭിപ്രായം. ഭൂമി സ്വീകരിക്കണമെന്നും വേണ്ടെന്നുമുള്ള അഭിപ്രായം യോഗത്തിൽ ഉയർന്നു.

ഇതോടെ നവംബർ 26-ന് ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച തീരുമാനമെടുക്കുമെന്ന് യു.പി. സുന്നി സെൻട്രൽ വഖഫ് ബോർഡ് ചെയർമാൻ സുഫാർ ഫാറൂഖി അറിയിച്ചു.

Loading...

നവംബർ 13-ന് യോഗം ചേരാനായിരുന്നു നേരത്തെ തീരുമാനം. എന്നാൽ ഇത് നവംബർ 26-ലേക്ക് നീട്ടിവെക്കുകയായിരുന്നു.

ഭൂമി സ്വീകരിക്കുന്നത് സംബന്ധിച്ച് വ്യത്യസ്തമായ അഭിപ്രായങ്ങളാണുള്ളത്- അദ്ദേഹം വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കരുതെന്നാണ് ചിലരുടെ ഉപദേശം. പക്ഷേ, അത് നിഷേധാത്മക സമീപനം വർധിപ്പിക്കുമെന്നാണ് താൻ കരുതുന്നത്. എന്നാൽ ചിലർ പറയുന്നത് ഭൂമി വഖഫ് ബോർഡ് സ്വീകരിക്കണമെന്നും അവിടെ പള്ളിയോടൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളും പണിയണമെന്നുമാണെന്നും ഫാറൂഖി വിശദീകരിച്ചു.

എന്തായാലും ബോർഡിന്റെ ജനറൽ ബോഡി യോഗത്തിൽ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും ഭൂമി സ്വീകരിക്കാനാണെങ്കിൽ അത് എങ്ങനെ വേണമെന്ന കാര്യത്തിലും തീരുമാനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുപ്രീംകോടതി വിധിയെ ബോർഡ് സ്വാഗതം ചെയ്യുകയാണെന്നും വിധിക്കെതിരെ നിയമനടപടികളിലേക്ക് കടക്കാൻ ബോർഡ് ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മസ്ജിദിനു പുറത്തുള്ള രാം ഛബൂത്രയില്‍ ക്ഷേത്രനിര്‍മാണത്തിന് അനുമതി തേടി 1885-ല്‍ ഫൈസാബാദ് സബ് കോടതിയിലെത്തിയ ഹര്‍ജിയാണ് അയോധ്യാഭൂമിയെച്ചൊല്ലി നിയമ പോരാട്ടത്തിനു തുടക്കമിട്ടത്. ഈ ഹര്‍ജി കോടതി നിരസിച്ചു.

പില്‍ക്കാലത്ത് വിവിധ കോടതികളിലെത്തിയ ഹര്‍ജികളെല്ലാം ഒന്നിച്ചു പരിഗണിച്ചായിരുന്നു മൂന്നു കക്ഷികള്‍ക്കും ഭൂമി തുല്യമായി വിഭജിച്ചുനല്‍കാന്‍ 2010 ല്‍ ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍ ആരും തര്‍ക്കഭൂമി പങ്കിടുന്നതിനെ അനുകൂലിച്ചില്ല.

അന്തിമ വാദത്തിനു സമാന്തരമായി മുന്‍ ജഡ്ജി എഫ്.എം.ഐ. കലീഫുള്ളയുടെ നേതൃത്വത്തില്‍ മധ്യസ്ഥശ്രമത്തിനും സുപ്രീം കോടതി ശ്രമിച്ചിരുന്നു. എന്നാല്‍ പല ഹിന്ദു സംഘടനകളും ഒത്തുതീര്‍പ്പിനു സന്നദ്ധരായില്ല.

തര്‍ക്കഭൂമിയുടെ അവകാശം ഉപേക്ഷിക്കാമെന്നു സമിതിക്കു മുന്നില്‍ സുന്നി വഖഫ് ബോര്‍ഡ് അറിയിച്ചെങ്കിലും അതു നേരിട്ടു കോടതിമുറിയില്‍ ഉന്നയിക്കപ്പെട്ടില്ല. വിവിധ മുസ്ലിം സംഘടനകള്‍ ഈ ഒത്തുതീര്‍പ്പിനോടു വിയോജിക്കുകയും ചെയ്തു.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

14 ഹര്‍ജികളാണു ഇക്കാര്യത്തില്‍ സുപ്രീം കോടതിക്ക് മുന്നിലെത്തിയത്. 40 ദിവസത്തോളം നീണ്ട മാരത്തോണ്‍ വിചാരണയ്ക്ക് ശേഷമാണ് വിധി പുറപ്പെടുവിച്ചത്. സുപ്രീംകോടതി വിധിയുടെ മുന്നോടിയായി രാജ്യത്തുടനീളവും ഉത്തര്‍പ്രദേശിലും കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കേസിലെ തീര്‍പ്പ് സൃഷ്ടിക്കാനിടയുള്ള ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് യുപിയിലെ സുരക്ഷാ സാഹചര്യങ്ങള്‍ ചീഫ് ജസ്റ്റീസ് നേരിട്ട് വിലയിരുത്തുന്ന അത്യപൂര്‍വ്വ സാഹചര്യവും ഈ കേസില്‍ ഉണ്ടായി.