മസ്ജിദിനുള്ള സ്ഥലം സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറില്‍ തന്നെ വേണം, അല്ലെങ്കില്‍ നിരസിക്കുമെന്ന് മുസ്ലിം നേതാക്കള്‍

അയോധ്യ: മസ്ജിദ് നിര്‍മിക്കാന്‍ അയോധ്യ കേസില്‍ സുപ്രീം കോടതി അനുവദിച്ച അഞ്ചേക്കര്‍ ഭൂമി അയോധ്യയില്‍ സര്‍ക്കാര്‍ ഏറ്റെടുത്ത 67 ഏക്കറിനുള്ളില്‍ വേണമെന്നു കേസിലെ പ്രധാന കക്ഷികളിലൊരാളായ ഇഖ്ബാല്‍ അന്‍സാരി.

രാമജന്മഭൂമി-ബാബ്‌റി മസ്ജിദ് തര്‍ക്കഭൂമിയായ 2.77 ഏക്കര്‍ ഉള്‍പ്പെടുന്ന 67 ഏക്കര്‍ 1991-ലാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. മസ്ജിദിനു സ്ഥലം അനുവദിക്കുന്നത് 67 ഏക്കറിനുള്ളിലല്ലെങ്കില്‍ നിരസിക്കുമെന്ന് അന്‍സാരി പറഞ്ഞു.

Loading...

നിരവധി പ്രാദേശിക മുസ്ലിം സംഘടനാനേതാക്കളും ഇതേ ആവശ്യമുന്നയിച്ചു.
കേസില്‍ പുനഃപരിശോധനാഹര്‍ജി നല്‍കില്ലെന്നു വിധി വന്നയുടന്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ ”ലോലിപോപ്” സ്വീകരിക്കില്ലെന്നും എവിടെയാണു ഭൂമി നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്നു വ്യക്തമാക്കണമെന്നും കേസിലെ മറ്റൊരു കക്ഷിയായ ഹാജി മഹ്ബൂബ് ആവശ്യപ്പെട്ടു.

മസ്ജിദിനായി അയോധ്യയില്‍ ഭൂമി കണ്ടെത്താന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപടി ആരംഭിച്ചതായാണു റിപ്പോര്‍ട്ടുകള്‍. ഭൂമി സ്വീകരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാന്‍ സുന്നി വഖഫ് ബോര്‍ഡ് 26-നു ലഖ്‌നൗവില്‍ യോഗം ചേരും. മറ്റു നേതാക്കളുടെ പ്രതികരണം ഇങ്ങനെ: ”മുസ്ലിംകള്‍ക്കു പള്ളി പണിയണമെങ്കില്‍ അതിനുള്ള ഭൂമി വാങ്ങാനും അറിയാം. ഞങ്ങള്‍ സര്‍ക്കാരിന്റെ ആശ്രിതരല്ല.

ഞങ്ങള്‍ക്ക് അല്‍പ്പമെങ്കിലും സാന്ത്വനം നല്‍കണമെന്നു കോടതിയോ സര്‍ക്കാരോ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഏറ്റെടുത്ത സ്ഥലത്തുതന്നെ അഞ്ചേക്കര്‍ അനുവദിക്കണം. 18-ാം നൂറ്റാണ്ടിലെ സൂഫിവര്യന്‍ ഖാസി ഖുദ്വായുടേത് ഉള്‍പ്പെടെ നിരവധി കബറിടങ്ങളും ദര്‍ഗകളുമുള്ള ഭൂമിയാണത്.”

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ അധ്യക്ഷതയിലുള്ള ജസ്റ്റീസുമാരായ എസ്എ ബോബ്‌ഡേ, ഡി വൈ ചന്ദ്രാചുഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നാസര്‍ എന്നിവര്‍ അടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്. കോടതിക്ക് ഇന്ന് അവധി ദിവസമാണെങ്കിലും ചീഫ് ജസ്റ്റീസ് ഭരണഘടനാ ബഞ്ചിന്റെ പ്രത്യേകം യോഗം ചേര്‍ന്നാണു വിധി പറഞ്ഞത്.

ശ്രീരാമന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന 2.77 ഏക്കര്‍ ഭൂമിയാണു തര്‍ക്കത്തിന്റെ കേന്ദ്രബിന്ദു. ഇതു ക്ഷേത്രകാര്യങ്ങള്‍ നടത്താന്‍ അവകാശമുള്ള നിര്‍മോഹി അഖാര, ശ്രീരാമപ്രതിഷ്ഠയെ പ്രതിനിധീകരിക്കുന്ന രാംലല്ലാ വിരാജ്മാന്‍, ബാബ്‌റി മസ്ജിറിന്റെ ചുമതലക്കാരായിരുന്ന ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് എന്നിവര്‍ക്കു തുല്യമായി പങ്കിടാന്‍ 2010 ല്‍ അലഹബാദ് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയെ എതിര്‍ത്തുകൊണ്ടുള്ള ഹര്‍ജിയിലാണ് അന്തിമ തീരുമാനം വന്നത്.

ഏറെ ആകാംക്ഷയോടെ രാജ്യം ഉറ്റുനോക്കിയ അയോധ്യ കേസില്‍ സുപ്രീം കേടതിയില്‍ നിന്നുവന്ന ചരിത്രപരമായ വിധിക്ക് കക്ഷി ഭേദമന്യേ സ്വീകാര്യത. വിധി രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംസ്‌കാരവും കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് ബി.ജെ.പി അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷാ ചൂണ്ടിക്കാട്ടി. സുപ്രീം കോടതിയില്‍ നിന്നുള്ള ഈ നിര്‍ണായക വിധി അതിനാല്‍ തന്നെ ഒരു നാഴികകല്ലാണ്. ഈ തീരുമാനം രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും മഹത്തായ സംസ്‌കാരവും ശക്തിപ്പെടുത്തുമെന്നും അമിത് ഷാ പ്രതികരിച്ചു.

തര്‍ക്കവിഷയം പരിഹരിക്കാന്‍ ഇടപെട്ട എല്ലാവരോടും നന്ദി പറയുന്നു. വിധി എല്ലാവരും അംഗീകരിക്കുകയും സമാധാനം തുടരുകയും ‘ഏക് ഭാരത് ശ്രേഷ്ഠ ഭാരത്’ എന്നത് തുടരുക തന്നെ വേണം. വര്‍ഷങ്ങളായി തുടര്‍ന്നിരുന്ന തര്‍ക്കത്തില്‍ ഇന്ന് അന്തിമ തീരുമാനം വന്നിരിക്കുന്നു. രാജ്യത്തിന്റെ നീതിന്യായ വ്യവസ്ഥയേയും എല്ലാ ന്യായാധിപന്മാരേയും താന്‍ അഭിനന്ദിക്കുന്നു. അമിത് ഷാ കൂട്ടിച്ചേര്‍ത്തു.