അയോധ്യയിൽ ഇനി ക്ഷേത്രം നിർമ്മിക്കാം, മുസ്ലീങ്ങൾക്ക് പകരം ഭൂമി നൽകും

അയോധ്യാ കേസില്‍ ചരിത്രപരമായ വിധി പറഞ്ഞ് സുപ്രീം കോടതി.നാല്‍പ്പത് ദിവസം തുടര്‍ച്ചയായി വാദം കേട്ടതിന് ശേഷമാണ് ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഭരണഘടനാ ബഞ്ച് നിര്‍ണ്ണായക വിധി പറഞ്ഞിരിക്കുന്നത്.

അയോധ്യഭൂമി ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കാനും മുസ്ലീമുകള്‍ക്ക് പകരം ഭൂമി നല്‍കാമെന്നുമാണ് സുപ്രധാന വിധി. പ്രധാനപ്പെട്ട സ്ഥലത്ത് അഞ്ച് ഏക്കര്‍ ഭൂമി മുസ്ലീംങ്ങള്‍ക്ക് നല്‍കാന്‍ കോടതി ഉത്തരവ്. മുസ്ലീംങ്ങള്‍ക്ക് ആരാധനയ്ക്ക് തര്‍ക്ക ഭൂമിയ്ക്ക് പുറത്ത് സ്ഥലം കൊടുക്കണം. ക്ഷേത്രം നിര്‍മ്മിക്കാന്‍ ട്രസ്റ്റ് ഉണ്ടാക്കണം.

Loading...

അയോധ്യ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട അതിസങ്കീര്‍ണമായ കേസില്‍ ശാശ്വതമായ പരിഹാരം കാണുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. രാജ്യവ്യാപകമായി കനത്ത സുരക്ഷയാണ് സര്‍ക്കാര്‍ ഒരുക്കിയിട്ടുള്ളത്. വിധി പ്രസ്താവിക്കുന്ന അഞ്ച് ജഡ്ജിമാര്‍ക്കും കനത്ത സുരക്ഷയും ഒരുക്കിയിട്ടുണ്ട്.

2.77 ഏക്കര്‍ ഭൂമി മൂന്നായി വിഭജിക്കാന്‍ ആയിരുന്നു 2010 ലെ അലഹബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്തുള്ള അപ്പീലുകളില്‍ ആണ് അഞ്ചംഗ ഭരണഘടന ബെഞ്ച് ഇപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.

പലതലത്തില്‍ പലകാലങ്ങളിലായി കോടതിമുറികളെ പ്രകമ്പനം കൊള്ളിച്ച അയോധ്യ കേസിന് സ്വതന്ത്ര ഇന്ത്യയൂടെ രണ്ടിരട്ടി പ്രായമുണ്ട്. ഒക്ടോബര്‍ 16 നാണ് കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയിരുന്നത്.