ഭയത്തിനും വിദ്വേഷത്തിനും പുതിയ ഇന്ത്യയില്‍ സ്ഥാനമില്ല; പ്രധാനമന്ത്രി

ന്യൂഡല്‍ഹി: അയോധ്യ തര്‍ക്കത്തിലെ സുപ്രീംകോടതി വിധി ചരിത്ര വിധിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വിധിയെ ജനങ്ങള്‍ സ്വീകരിച്ചത്
ഒരുമയുടെ തെളിവാണ്. ദശകങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിനാണ് കോടതി വിധിയിലൂടെ പരിഹാരമായത്.

തുറന്ന മനസോടെ രാജ്യം വിധിയെ സ്വാഗതം ചെയ്യുന്നു. ഏകതയുടെ സന്ദേശമാണ് കോടതി വിധി നല്‍കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. അയോധ്യ വിധിക്ക് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസംഗിക്കുകയായിരുന്നു പ്രധാനമന്ത്രി.

Loading...

രാജ്യത്തെ നിയമ സംവിധാനം ശക്തമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ദിവസമാണിത്. ലോകം മുഴുവന്‍ ഈ വിധിയെ തുറന്ന മനസോടെ സ്വീകരിച്ചു. ചരിത്രത്തിലെ സുവര്‍ണ അധ്യായമാണ് ഈ വിധി.
വിഭാഗീയതുടെ പ്രതീകമായ ബര്‍ലിന്‍ മതില്‍ പൊളിച്ചതിന്റെ വാര്‍ഷിക ദിനത്തിലാണ് സുപ്രീംകോടതി മതനിരപേക്ഷത ഊട്ടിയുറപ്പിക്കുന്ന വിധി പ്രസ്താവിച്ചത്. എത്ര വലിയ പ്രതിസന്ധിയും നിയമത്തിലൂടെ മറികടക്കാനാകുമെന്നതിന് തെളിവാണ് ഈ വിധി. ജുഡീഷ്യറിയുടെ സുതാര്യത ഊട്ടിയുറപ്പിക്കുന്ന വിധിയാണ് അയോധ്യ തര്‍ക്ക വിഷയത്തില്‍ ഉണ്ടായതെന്നും പ്രധാനമന്ത്രി പറഞ്ഞു.

നവംബര്‍ 9നാണ് ബര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ടതെന്ന് പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. ഇതേ ദിവസം തന്നെ കര്‍താര്‍പുര്‍ കോറിഡോര്‍ തുറന്നു. ഇപ്പോള്‍ അയോധ്യ വിധിയും വന്നിരിക്കുന്നു. ഇ ദിവസം നല്‍കുന്ന സന്ദേശം നില്‍ക്കാനും മുമ്പോട്ടു പോകാനുമാണെന്ന് മോദി പറഞ്ഞു.

സാമൂഹിക ഐക്യത്തിന്റെ ചൈതന്യം ഉള്‍ക്കൊള്ളുന്ന ഇന്ത്യയുടെ പൗരാണിക സംസ്കാരത്തെയാണ് ഇതു വ്യക്തമാക്കുന്നത്. നവ ഇന്ത്യയുടെ മുന്നോട്ടുള്ള യാത്രയില്‍ ആരും വീണു പോകില്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്. ഇന്ത്യയ്ക്ക് നേരിടാന്‍ ഇനിയുമേറെ വെല്ലുവിളികളുണ്ട്, ലക്ഷ്യങ്ങളുമുണ്ട്. നാം ഒരുമിച്ച്‌ അതു നേടിയെടുക്കും.

ഭരണഘടനയുടെ കൈപിടിച്ച്‌, ഏറ്റവും വിഷമമേറിയ വിഷയങ്ങളില്‍ വരെ തീര്‍പ്പാക്കാന്‍ സാധിക്കുമെന്നാണ് അയോധ്യാ വിധി വ്യക്തമാക്കുന്നത്. എല്ലാവരുടെയും വാദം സസൂക്ഷ്മം കേട്ട കോടതി ഐകകണ്ഠേനയാണ് വിധി പറഞ്ഞത്. കോടതിയുടെ നിശ്ചയദാര്‍‌ഢ്യത്തെയും ഇച്ഛാശക്തിയെയുമാണ് അതു കാണിക്കുന്നത്. അതിനാല്‍ത്തന്നെയാണ് ജഡ്ജിമാരും കോടതികളും നിയമ വ്യവസ്ഥയുടെ ഭാഗമായ മറ്റുള്ളവരും അഭിനന്ദനം അര്‍ഹിക്കുന്നതെന്നും മോദി കൂട്ടിച്ചേര്‍ത്തു.