നിയന്ത്രണങ്ങള്‍ മറികടന്ന് കോടതിവളപ്പില്‍ ജയ് ശ്രീറാം വിളിയുമായി അഭിഭാഷകര്‍

രാജ്യം ഏറെ കരുതലോടെയാണ് അയോധ്യ ബാബറി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തിലെ വിധിയെ സ്വീകരിക്കാന്‍ ഒരുങ്ങിയത്. ഒറ്റവിധി ന്യായമെന്ന് അറിയിപ്പ് വന്നശേഷം വ്യക്തമായ വിധി വന്നപ്പോള്‍ കോടതിവളപ്പില്‍ മുഴങ്ങിയത് ജയ് ശ്രീറാം വിളി. തര്‍ക്കഭൂമിയില്‍ ക്ഷേത്രം നിര്‍മ്മിക്കാമെന്നും മുസ്ലിംകള്‍ക്ക് പകരം ഭൂമി നല്‍കണമെന്നുമുളള വിധി വന്നശേഷമാണ് ഒരു സംഘം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിച്ചത്.

മുദ്രാവാക്യം വിളികള്‍ മുഴങ്ങി കുറെ നേരം കഴിഞ്ഞ് മറ്റ് അഭിഭാഷകര്‍ എത്തിയാണ് ഇത് നിര്‍ത്താന്‍ ആവശ്യപ്പെട്ടത്. ഒരു തരത്തിലുളള പ്രകോപനപരമായ മുദ്രാവാക്യങ്ങളോ, പരാമര്‍ശങ്ങളോ ആരില്‍ നിന്നും ഉണ്ടാകരുതെന്ന് സര്‍ക്കാര്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. ഇതിനെ മറികടന്നാണ് സുപ്രീകോടതി വിധിയില്‍ ആഹ്ലാദം പ്രകടിപ്പിച്ച്‌ ഒരുപറ്റം അഭിഭാഷകര്‍ ജയ് ശ്രീറാം വിളിയുമായി എത്തിയത്. ചരിത്രവിധിയെന്നാണ് ഹിന്ദുമഹാസഭയുടെ അഭിഭാഷകന്‍ ഇതിനെക്കുറിച്ച്‌ പ്രതികരിച്ചത്.

Loading...

ഒരാഴ്ചയായി കര്‍ശന നിയന്ത്രണങ്ങളാണ് സുപ്രീംകോടതി വളപ്പിലും രാജ്യത്തെ സാമൂഹിക മാധ്യമങ്ങളില്‍ അടക്കം ഏര്‍പ്പെടുത്തിയിരുന്നത്. സുപ്രീംകോടതിയിലേക്കുളള എല്ലാ വാതിലുകളും കനത്ത പൊലീസ് ബന്തവസിലായിരുന്നു.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്‌ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്.സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ചിന്റെ വിധി പ്രകാരം തര്‍ക്കഭൂമിയുടെ അവകാശം സുന്നി വഖഫ് ബോര്‍ഡിനും രാം ലല്ലയ്ക്കുമില്ല. മൂന്ന് മാസത്തിനകം തര്‍ക്കഭൂമിയില്‍ കേന്ദ്ര സര്‍ക്കാര്‍ ട്രസ്റ്റ് രൂപീകരിച്ച്‌ ക്ഷേത്രത്തിനുളള പദ്ധതി തയ്യാറാക്കണമെന്നുമാണ്.

രാജ്യം കടന്നുപോയ വലിയ തരത്തിലുളള മത, സാമുദായിക സംഘര്‍ഷങ്ങള്‍ക്കും കോടതി നടപടികള്‍ക്കും ശേഷമാണ് 2010ല്‍ അയോധ്യയിലെ 2.77 ഏക്കര്‍ തര്‍ക്ക ഭൂമി മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുണ്ടാകുന്നത്. ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി 2.77 ഏക്കര്‍ ഭൂമി വീതിക്കണമെന്ന വിധി 2011 മേയില്‍ സുപ്രീംകോടതി സ്റ്റേ ചെയ്തു. 14 അപ്പീലുകള്‍ പരിഗണിച്ചായിരുന്നു കോടതി നടപടി.മൂന്ന്കക്ഷികള്‍ക്ക് തുല്യമായി വീതം വെച്ചതിലൂടെ ഫലത്തില്‍ ഹൈന്ദവ സംഘടനകള്‍ക്ക് ഭൂമിയുടെ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചിരുന്നു. 2010 സെപ്തംബര്‍ 30നായിരുന്നു അലാഹാബാദ് ഹൈക്കോടതി വിധി. ഇത് ചോദ്യം ചെയ്ത് 2010 ഡിസംബറില്‍ ഹിന്ദുമഹാസഭയും സുന്നി വഖഫ് ബോര്‍ഡും സുപ്രിംകോടതിയെ സമീപിച്ചു. 2011 മെയ് 9ന് അലഹാബാദ് ഹൈക്കോടതി വിധി സുപ്രിം കോടതി സ്റ്റേ ചെയ്യുകയായിരുന്നു. ഇപ്പോള്‍ ഈ അലഹാബാദ് ഹൈക്കോടതി വിധി തെറ്റാണെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയതും അതില്‍ ആഹ്ലാദ പ്രകടനവുമായി അഭിഭാഷകരും എത്തിയത്.