രാജ്യത്ത് ഇനിമുതൽ ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം, കേന്ദ്രസർക്കാർ ഉത്തരവിനെതിരെ ഐഎംഎ

രാജ്യത്ത് ഇനിമുതൽ ആയുർവേദ ഡോക്ടർമാർക്കും സർജറി നടത്താം. ഇന്ത്യൻ മെഡിസിൻ സെൻട്രൽ കൗൺസിൽ (പോസ്റ്റ് ഗ്രാജുവേറ്റ് ആയുർവേദ എഡ്യുക്കേഷൻ) റെഗുലേഷൻ 2016ൽ ഭേദഗതി വരുത്തിയാണ് കേന്ദ്രം ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയിൽ സർജറി പഠനവും ഉൾപ്പെടുത്തുന്നത്. ചെവി, തൊണ്ട, മൂക്ക്, കണ്ണ്, എല്ലുകൾ, പല്ലുകൾ എന്നിങ്ങനെയുള്ള സർജറികൾ നടത്താനാണ് കേന്ദ്ര സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ജനറൽ സർജറി അടക്കം നിർവഹിക്കാൻ സ്പെഷ്യലൈസ്ഡ് ആയുർവേദ ഡോക്ടർമാർക്ക് അനുമതി നൽകിയാണ് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങിയത്. ശാസ്ത്രക്രിയയിൽ പ്രായോഗിക പരിശീലനം നേടിയ ശേഷം 34 തരം സർജറികൾ ആയുർവേദ ഡോക്ടർമാർക്ക് നടത്താമെന്നാണ് ഉത്തരവിൽ പറയുന്നത്. ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതിയുണ്ട്. അതേസമയം ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ വിജ്ഞാപനത്തിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ആയൂർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് പരിശീലനം നൽകില്ലെന്നും ആധുനിക വൈദ്യത്തെ പാരമ്പര്യരീതിയുമായി കൂട്ടിക്കുഴയ്ക്കരുതെന്നും ഐഎംഎ പ്രതികരിച്ചു.

Loading...

എന്നാൽ, ആയുർവേദ ഡോക്ടർമാർക്ക് ഐഎംഎ അംഗങ്ങൾ പരിശീലനം നൽകില്ലെന്ന് സംഘടന വാർത്താക്കുറിപ്പിൽ അറിയിച്ചു. അശാസ്ത്രീയ തീരുമാനത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് രാജൻ ശർമ്മ പ്രതികരിച്ചു. ആധുനിക വൈദ്യശാസ്ത്രത്തെ പാരമ്പര്യ രീതികളുമായി കൂട്ടിക്കുഴയ്ക്കരുത്. ആയുർവേദ ഡോക്ടർമാർ വേണമെങ്കിൽ അവരുടേതായ ശസ്ത്രക്രിയാ രീതികൾ വികസിപ്പിക്കട്ടെയെന്നും ഐഎംഎ വ്യക്തമാക്കുന്നു.