വിവാദ ‘കോൺവൊക്കേഷൻ’ ; വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും നൽകിയത് രണ്ടുതരം ഫലകങ്ങള്‍

തിരുവനന്തപുരം: വിവാദമായ ‘കോൺവൊക്കേഷൻ’ ചടങ്ങിൽ വിദ്യാർഥികൾക്കു വിതരണംചെയ്തത് രണ്ടുതരം ഫലകങ്ങൾ എന്ന് ആയുർവേദ കോളേജ്. കോഴ്‌സ് ജയിച്ച കുട്ടികൾക്കും തോറ്റ കുട്ടികൾക്കും വെവ്വേറെ ഫലകങ്ങളാണ് സംഘാടകർ വേദിയിൽവച്ചു നൽകിയത്. ‘അഥാസ്ത്ര’ എന്നറിയപ്പെടുന്ന 2016 ബി.എ.എം.എസ്. ബാച്ച് വിദ്യാർഥികളുടെ ഹൗസ് സർജൻസ് അസോസിയേഷനാണ് പരിപാടി സംഘടിപ്പിച്ചത്.

വിജയിച്ചവരുടെ ഫലകത്തിൽ സർട്ടിഫിക്കറ്റ്‌ ഓഫ്‌ ഗ്രാജുവേഷൻ എന്നും ഫോട്ടോയുടെ താഴെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ബി.എ.എം.എസ്. സർട്ടിഫിക്കറ്റിനു യോഗ്യത നേടി എന്നും വ്യക്തമായി പറയുമ്പോൾ തോറ്റ കുട്ടികൾക്കു നൽകിയ ഫലകത്തിൽ സർട്ടിഫിക്കറ്റ്‌ എന്നു മാത്രവും ഫോട്ടോയുടെ താഴെ 2016 അഥാസ്ത്ര ബാച്ചിന്റെ ഭാഗമായി പഠിച്ചിരുന്നുവെന്നുമാണ് എഴുതിയിരിക്കുന്നത്.

Loading...

തോറ്റവർക്ക് നൽകിയ ഫലകത്തിൽ സർവകലാശാലയുടെ സീലോ കോളേജ് അധികൃതരുടെയോ പ്രിൻസിപ്പലിന്റെയോ വൈസ് ചാൻസലറുടെയോ പേരോ ഒപ്പോ ഒന്നും ഇതിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഇപ്പോൾ ഉയർന്നുവന്ന വിവാദത്തിൽ ഒരു കഴമ്പുമില്ലെന്നാണ് ആയുർവേദ കോളേജ് അധികൃതരുടെ വാദം.

വിവാദത്തെത്തുടർന്ന് ഫലകങ്ങൾ തിരികെവാങ്ങി. മുൻകാലങ്ങളിൽ തോൽവി പതിവില്ലായിരുന്നതിനാൽ എല്ലാ വിദ്യാർഥികളും ഈ ചടങ്ങിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഈയിടെയായി ഏതാനും വിദ്യാർഥികൾ തോൽക്കാറുണ്ട്. തോറ്റ കുട്ടികൾ പങ്കെടുക്കുന്ന കാര്യം വൈസ് ചാൻസലറും കോളേജ് പ്രിൻസിപ്പലും മുതിർന്ന അധ്യാപകരും ആശുപത്രി സൂപ്രണ്ടും ഉൾപ്പെടെയുള്ളവർ അറിഞ്ഞില്ലെന്നും അസോസിയേഷൻ ഭാരവാഹികൾ പറയുന്നു. അനൗപചാരികമായി നടന്ന പരിപാടിയിൽ, തോറ്റ ഏഴു വിദ്യാർഥികൾ പങ്കെടുത്തതോടെയാണ് വിവാദമായത്.