അംബേദ്കറിനെക്കുറിച്ചുള്ള ഗാനം റിംഗ്ടോണ്‍ ആക്കിയ യുവാവിനെ അടിച്ചുകൊന്നു.

ശിര്‍ദി:രാജ്യത്തിന്റെ നവോത്ഥാനനായകന്‍ ബി ആര്‍ അംബേദ്കറിനെക്കുറിച്ചുള്ള ഗാനം റിംഗ്ടോണ്‍ ആക്കിയ യുവാവിനെ അടിച്ചുകൊന്നു. മഹാരാഷ്‌ട്രയിലെ ശിര്‍ദിയില്‍ ആണ് സംഭവം. സംഭവത്തില്‍ നാലുപേര്‍ അറസ്റ്റിലായി. വിശാല്‍ കോത്തേ, സോംനാഥ്, രൂപേഷ് വദേകര്‍, സുനില്‍ യാദവ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായിട്ടുള്ളത്. മറ്റ് നാലുപേര്‍ ഒളിവിലാണ്.
നഴ്സിംഗ് വിദ്യാര്‍ഥിയായ സാഗര്‍ ഷെജ്‍വാള്‍ മെയ് 16ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായാണ് ഷിര്‍ദിയിലെത്തിയത്. രണ്ടു ബന്ധുക്കള്‍ക്കൊപ്പം വൈന്‍ ഷോപ്പില്‍ പോയപ്പോഴാണ് റിംഗ്ടോണുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായതും പിന്നീട് അത് കൊലപാതകത്തില്‍ കലാശിച്ചതും.
“നിങ്ങള്‍ കലഹിച്ചുകൊള്ളൂ; അംബേദ്കറുടെ കോട്ട ശക്തമാണ്” – എന്ന് അര്‍ത്ഥമുള്ള വരികള്‍ ആയി മുഴങ്ങിയപ്പോള്‍ എട്ടു യുവാക്കള്‍ അത് ഓഫ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു. ഗാനമാണ് യുവാക്കളെ പ്രകോപിപ്പിച്ചതെന്ന് ഡെപ്യൂട്ടി സൂപ്രണ്ടന്റ് ഓഫ് പൊലീസ് വിവേക് പാട്ടില്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് വാക്കുതര്‍ക്കം ഉണ്ടാകുകയായിരുന്നു. തര്‍ക്കം മൂത്തപ്പോള്‍ യുവാക്കള്‍ ബിയര്‍ ബോട്ടില്‍ കൊണ്ട് സാഗറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.