കെ.ബാബുവിനെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: മുൻ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരെ വീണ്ടും കേസ്. ബാറുടമകളിൽ നിന്ന് ഈടാക്കിയ ലൈസൻസ് ഫീസ് മടക്കിക്കൊടുത്ത സംഭവത്തിലാണ് കേസെടുത്ത് അന്വേഷണം നടത്താൻ നിർദേശം നൽകിയിട്ടുള്ളത്. അഡ്വക്കേറ്റ് ജനറൽ വിജിലൻസിന് അന്വേഷണം നടത്താൻ നിർദേശം നൽകി. ലൈസൻസ് ഫീസ് മടക്കി നൽകിയതിൽ ഒത്തുകളിയുണ്ടോ എന്നു സംശയിക്കുന്നതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. സംഭവത്തിൽ സർക്കാരിന് വൻ സാമ്പത്തിക നഷ്ടം ഉണ്ടായതായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. ഒത്തുകളി ഉണ്ടോ എന്നു സംശയിക്കുന്നതിനാലാണ് അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സർക്കാരിന്റെ ആവശ്യത്തെ തുടർന്ന് സമാനമായ കേസുകളിൽ പണം തിരികെ നൽകണം എന്ന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ത്രീസ്റ്റാർ ബാർ ലൈസൻസിനായി നൽകിയ പണമാണ് അന്ന് സർക്കാർ തിരിച്ചു കൊടുത്തത്. ലൈസൻസ് ലഭിക്കാൻ കാലതാമസം നേരിട്ടെന്നു ചൂണ്ടിക്കാട്ടി ബാറുടമകൾ സമർപിച്ച ഹർജിയെ തുടർന്നാണ് പത്തിൽ നാലു ബാറുകൾക്ക് പണം തിരിച്ചു കൊടുത്തത്. ബാക്കി ആറു ബാറുകൾക്കെതിരെ ഹർജി ഡിവിഷൻ ബെഞ്ചിൽ സമർപിച്ചത്. എന്നാൽ, ഇവിടെയും ബാറുടമകൾക്ക് അനുകൂലമായി വിധി വന്നു.

ത്രീ സ്റ്റാർ ബാർ ലൈസെൻസ് ലഭിച്ച 10 ഹോട്ടലുകളിൽ നിന്ന് ഒരു വർഷത്തെ ലൈസൻസ് ഫീസ് ഇനത്തിൽ 22 ലക്ഷം രൂപയാണ് സർക്കാർ മുൻകൂറായി ഈടാക്കിയിരുന്നു. എന്നാൽ ലൈസെൻസ് ലഭിക്കുന്നതിനുണ്ടായ കാലതാമസം പരിഗണിച്ച് പത്തു മാസത്തെ ലൈസൻസ് ഫീസ് മടക്കി നൽകണം എന്ന് ബാറുടമകൾ ആവശ്യപ്പെട്ടു. ബാറുടമകൾക്ക് അനുകൂലമായ വിധിക്കെതിരെ സമർപിച്ച ഹർജി പരിഗണിക്കുമ്പോഴാണ് നാലു ബാറുകൾക്ക് പണം തിരികെ നൽകിയതിൽ വൻ സാമ്പത്തിക നഷ്ടം ഉണ്ടായി എന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചത്. നാലു ബാറുകൾക്ക് എതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകാത്തതിൽ ദുരൂഹതയുണ്ടെന്നും അതിനാൽ അഡ്വക്കേറ്റ് ജനറൽ വിജിലിൻസ് അന്വേഷണത്തിന് ശുപാർശ ചെയ്തതായും സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. അന്വേഷണത്തിന് ശുപാർശ ചെയ്തു കൊണ്ടുള്ള അഡ്വക്കേറ്റ് ജനറൽ സുധാകർ പ്രസാദിന്റെ കത്ത് സർക്കാർ അഭിഭാഷകർ സുപ്രീംകോടതിക്ക് കൈമാറി.

Loading...