കെ.ബാബു അനധികൃത സ്വത്ത്; കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കുന്നു

കൊച്ചി; മുൻ എക്‌സൈസ് മന്ത്രി കെ.ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദനക്കേസിൽ അന്വേഷണം ബാബുവുമായി അടുത്ത ബന്ധമുള്ള ആളുകളിലേക്കും വ്യാപിപ്പിക്കുന്നു. ബാബുവുമായി ഏറ്റവും അടുത്ത ബന്ധമുള്ള രണ്ടുപേരെ നാളെ വിജിലൻസ് ചോദ്യം ചെയ്യും. തോപ്പിൽ ഹരി, ജോജി എന്നിവരെയാണ് ചോദ്യം ചെയ്യുക. ഇതിനുശേഷം മാത്രമേ ബാബുവിന്റെ ബിനാമികളെന്നു കണ്ടെത്തിയ ബാബുറാം, മോഹനൻ എന്നിവരെ ചോദ്യം ചെയ്യൂ. അന്വേഷണം ബാബുവുമായി അടുത്ത ബന്ധമുള്ള മറ്റു ചിലരിലേക്കും നീളുന്നതായി വിജിലൻസ് സംഘം സൂചന നൽകി.കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ ബാബുവിന്റെ വീട്ടിൽ നിന്നു പിടിച്ചെടുത്ത രേഖകളും മറ്റും ഇന്ന് മുവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കും. വസ്തു ഇടപാടിന്റെ രേഖകളും സ്വർണ്ണവും പണവുമായിരുന്നു കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ പിടിച്ചെടുത്തത്.

ഇതിൽ, കൂടുതൽ പരിശോധന ആവശ്യമുള്ളവ പ്രത്യേക അപേക്ഷ നൽകി കോടതിയിൽ നിന്നും തിരിച്ചു വാങ്ങും. ബാബുവിന്റെ പെൺമക്കളുടെ പേരിലുള്ള ലോക്കറുകൾ പരിശോധിക്കാനും വിജിലൻസ് തീരുമാനിച്ചിട്ടുണ്ട്. മന്ത്രിയായിരുന്ന കാലയളവിൽ ബാബു അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്ന പരാതിയെ തുടർന്നാണ് കഴിഞ്ഞ ദിവസം വിജിലൻസ് വീട്ടിൽ പരിശോധന നടത്തിയത്. ബാബുവിന്റെയും മക്കളുടെയും അടുത്ത ബിനാമികളുടെയും വീടുകളിൽ ഒരേസമയം റെയ്ഡ് നടത്തി. എട്ടുലക്ഷം രൂപയും കുറേ രേഖകളും പിടിച്ചെടുത്തിരുന്നു.

ബാബു തേനിയിൽ 120 ഏക്കർ തോട്ടം ഭൂമി സ്വന്തമാക്കിയതായും മകളുടെ ഭർതൃപിതാവിന്റെ പേരിൽ ബെൻസ് കാർ വാങ്ങിയതായും കണ്ടെത്തിയിരുന്നു. ഇതെല്ലാം മന്ത്രിയായിരുന്ന അഞ്ചു വർഷക്കാലം കൊണ്ട് നേടിയതാണെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്,