അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നു പിടികൂടിയ സൈനികന്റെ കാര്യത്തിൽ പാകിസ്താൻ കൈമലർത്തി

ദില്ലി: അബദ്ധത്തിൽ നിയന്ത്രണരേഖ കടന്നതിന് പിടികൂടിയ ഇന്ത്യൻ സൈനികനെ കുറിച്ച് ഇപ്പോൾ ഒരു വിവരവും തങ്ങൾക്ക് അറിയില്ലെന്നാണ് പാകിസ്താൻ ഇന്ത്യയോടു പറഞ്ഞത്. ഇന്ത്യൻ സൈനികൻ എവിടെയാണെന്ന് പോലും അറിയില്ലെന്നും പാക് സൈന്യം ഇന്ത്യൻ സേനയെ അറിയിച്ചു. പാക് ദിനപത്രമായ ഡോണാണ് ഇക്കാര്യം റിപ്പോർട്ട് ചെയതത്. അതേസമയം ഇന്ത്യൻ സൈനികനെ പിടികൂടിയെന്ന് റോയിട്ടേഴ്‌സിന് നൽകിയ അഭിമുഖ്യത്തിൽ രണ്ട് പാക് സൈനിക ഉദ്യോഗസ്ഥർ സ്ഥിരീകരിക്കുന്നുമുണ്ട്. സൈനികന്റെ കാര്യത്തിൽ പാകിസ്താൻ കൈമലർത്തുകയാണ് ഇപ്പോൾ. ഇന്ത്യൻ സൈനികൻ പിടിയിലായതായി ആദ്യം പറഞ്ഞത് പാക് സൈന്യം തന്നെയായിരുന്നു. ഒപ്പം എട്ടു ഇന്ത്യൻ സൈനികരെ കൊലപ്പെടുത്തിയതായും അവകാശപ്പെട്ടിരുന്നു. ഇതിൽ സൈനികൻ പാകിസ്താൻ പിടിയിലുണ്ടെന്ന വിവരം പിന്നീട് ഇന്ത്യൻ സേന സ്ഥിരീകരിച്ചു. കാണാതായത് മഹാരാഷ്ട്ര സ്വദേശിയായ ചന്തു ബാബുലാൽ എന്ന സൈനികനാണെന്നും ഇന്ത്യ സ്ഥിരീകരിച്ചു. എന്നാൽ, എട്ടു സൈനികരെ കൊലപ്പെടുത്തിയതായുള്ള പാകിസ്താന്റെ അവകാശവാദം ഇന്ത്യ നിഷേധിക്കുകയും ചെയ്തു.