ബിഎംഡബ്ല്യുവില്‍ ചീറിപ്പാഞ്ഞ് ബാബുരാജിന്റെ മകന്‍; നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ കൈകൊണ്ട് ആംഗ്യ ഭാഷയില്‍ കളിയാക്കി; ഒടുവില്‍ സിനിമ സ്റ്റൈലില്‍ പോലീസ് കുടുക്കി

അടിമാലി: വാഹനപരിശോധനയ്ക്കിടെ പോലീസിനെ കളിയാക്കി അമിതവേഗതയില്‍ ചീറിപ്പാഞ്ഞ യുവാവിനെ പോലീസ് പിടികൂടി. പിടിയിലായത് നടന്‍ ബാബുരാജിന്റെ മകനാണ്. സിനിമ സ്റ്റൈലില്‍ പിടികൂടിയ ശേഷം പിഴ ഈടാക്കി പ്രതിയെ വിട്ടയച്ചു. ബിഎംഡബ്ല്യു കാറില്‍ കോതമംഗലത്തു നിന്നു മൂന്നാര്‍ ഭാഗത്തേക്ക് അമിതവേഗതയില്‍ പോയ ബാബുരാജിന്റെ മകനെ പലവട്ടം പോലീസ് കൈകാട്ടി. എന്നാല്‍ നിര്‍ത്താന്‍ തയ്യാറായില്ല. മറിച്ച് ആംഗ്യ ഭാഷയില്‍ കളിയാക്കുകയും ചെയ്തു.

വാഹനം നിര്‍ത്താതെ പോയതോടെ ഹൈവേ പോലീസ് വിഭാഗം വിവരം ട്രാഫിക് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തെ അറിയിച്ചു. ഇതോടെ ടൗണില്‍ ദേശീയപാതയില്‍ പോലീസ് വാഹനം കുറുകെയിട്ട് യുവാവിനെ കുടുക്കി. പന്ത്രണ്ടുമണിയോടെ വാഹനം ടൗണിലൂടെ ചീറിപ്പാഞ്ഞെത്തി. ഇതിനിടെ ടൗണിലെ ഗതാഗതക്കുരുക്കില്‍പെട്ട കാറില്‍ കയറി പോലീസുകാര്‍ വാഹനം സ്റ്റേഷനിലേക്ക് വിട്ടു. സ്റ്റേഷനിലെത്തിയപ്പോഴാണ് സിനിമാ താരത്തിന്റെ മകനാണ് വാഹനം ഓടിച്ചിരുന്നതെന്ന് മനസിലായത്. മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും നോക്കി നില്‍ക്കെയായിരുന്നു പോലീസ് വാഹനം പിടികൂടിയത്. അമിതവേഗത്തിന് പിഴയീടാക്കിയെങ്കിലും മറ്റു കേസുകള്‍ രജിസ്റ്റര്‍ ചെയ്യാതെ വിട്ടയച്ചു.

Loading...