കുഞ്ഞ് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; കൊച്ചി കോര്‍പ്പറേഷനെതിരെ രൂക്ഷവിമർശനം, ഓടകള്‍ ഉടന്‍ മൂടണമെന്ന് ഹൈക്കോടതി

കൊച്ചി: തുറന്നിട്ട ഓടയില്‍ കുട്ടി വീണ സംഭവത്തില്‍ കൊച്ചി കോര്‍പ്പറേഷനെ രൂക്ഷമായി ശകാരിച്ച് ഹൈക്കോടതി. സംഭവം ഞെട്ടലുണ്ടാക്കുന്നതെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഓടകളും ഫുട്പാത്തുകളും പരിപാലിക്കുന്നതില്‍ അധികൃതര്‍ക്ക് കനത്ത വീഴ്ച ഉണ്ടായി. കൊച്ചി കോര്‍പ്പറേഷന്റെ ഭാഗത്ത് നിന്നും സെക്രട്ടറിയാണ് കോടതിയിൽ ഹാജരായത്. ഓടകള്‍ തുറന്നിടുന്നത് ശരിയാണോയെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു.

ഒരു കുട്ടി സൈക്കിളുമായി പുറത്തിറങ്ങിയാല്‍ തിരിച്ചുവരുമോയെന്ന് ഉറപ്പുണ്ടോയെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിയോട് കോടതി ചോദിച്ചു. കൊച്ചി ഒരു മെട്രോ നഗരമാണെന്ന് മറക്കരുത്. ഫുട്പാത്തിന്റെയും കാനകളുടെയും ഉത്തരവാദിത്വം നഗരസഭയ്‌ക്കാണെന്നും ഇനി ഇത്തരം അപകടം ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി നിര്‍ദേശിച്ചു.

Loading...

പൊതുനിരത്തുകള്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും മാത്രമല്ല. കുട്ടികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. ഓടയില്‍ വീണ കുട്ടിക്ക് എന്തെങ്കിലും അപകടം സംഭവിച്ചിരുന്നുവെങ്കില്‍ ആരു സമാധാനം പറയുമായിരുന്നുവെന്നും ഭാഗ്യം കൊണ്ടാണ് കുട്ടി രക്ഷപ്പെട്ടതെന്നും കോര്‍പ്പറേഷനോട് കോടതി പറഞ്ഞു. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എത്രയും പെട്ടെന്ന് ആവശ്യമായ നടപടികള്‍ സ്വീകരക്കണമെന്ന് കോടതി വ്യക്തമാക്കി.
സംഭവത്തില്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി കോടതിയോട് ക്ഷമ ചോദിച്ചു. രണ്ടാഴ്ചയ്‌ക്കകം ഓടകള്‍ മൂടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.