കടുത്ത പനിയുമായി വന്ന മൂന്ന് വയസ്സുകാരനെ ഡോക്ടർമാർ തിരിഞ്ഞുനോക്കിയില്ല: ചികിത്സ നിഷേധിക്കപ്പെട്ട കുഞ്ഞ് മരിച്ചു; മൃതദേഹത്തെ നെഞ്ചോട് ചേർത്ത് വാവിട്ട് കരഞ്ഞ് അച്ഛൻ

ആശുപത്രിയിൽ ചികിൽസ നിഷേധിച്ചതിനെ തുടർന്ന് മൂന്നുവയസുകാരൻ മരിച്ചു. കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് നിലത്തുകിടന്ന് വാവിട്ടു കരയുന്ന മാതാപിതാക്കളുടെ ഹൃദയഭേദകമായ ദൃശ്യങ്ങളാണ് യു.പിയില്‍നിന്ന് പുറത്തുവരുന്നത്. ഉത്തര്‍പ്രദേശിലെ കനൗജിലുള്ള ആശുപത്രിയില്‍നിന്നുള്ളതാണ് ഈ ദൃശ്യങ്ങള്‍. മരിച്ച കുഞ്ഞിന്റെ മൃതദേഹം കെട്ടിപ്പിടിച്ച് അച്ഛൻ നിലത്തുകിടന്നു കരയുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ഒട്ടേറെ പേർ പങ്കുവയ്ക്കുകയാണ്. ഡോക്ടര്‍മാര്‍ ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്നാണ് കുട്ടി മരിച്ചതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. എന്‍.ഡി.ടി.വിയാണ് ദൃശ്യങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് ചിലര്‍ പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

‌പ്രേംചന്ദ്, ആശാദേവി എന്നീ മാതാപിതാക്കളാണ് മൂന്നു വയസുകാരനായ മകന്‍ അഞ്ജുവിന്റെ മൃതദേഹത്തെ കെട്ടിപ്പിടിച്ച് കരയുന്നത്. കടുത്ത പനിയുമായി ഇവർ കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാൽ കുട്ടിയെ നോക്കാൻ ഡോക്ടർ തയാറായില്ല. മറ്റൊരു ആശുപത്രിയിൽ കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. മുക്കാല്‍ മണിക്കൂറോളം ആശുപത്രിയില്‍ കാത്തുനിന്നിട്ടും ഗുരുതരാവസ്ഥയിലായ കുട്ടിയെ പരിശോധിക്കാനോ സ്പര്‍ശിക്കാനോ ഡോക്ടര്‍മാര്‍ തയ്യാറായില്ല. കുഞ്ഞിനെ ദൂരെയുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ തന്റെ കൈയ്യില്‍ പണം ഉണ്ടായിരുന്നില്ലെന്നും കുഞ്ഞിന്റെ പിതാവ് പ്രേംചന്ദ് പറയുന്നു. ആശുപത്രിയിലുണ്ടായിരുന്നവർ പ്രശ്നത്തിൽ ഇടപെട്ടതോടെ ഡോക്ടർമാർ കുട്ടിയ നോക്കാൻ തയാറായി. പക്ഷേ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു.

Loading...

അതേസമയം, ആശുപത്രിയുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ച ഉടന്‍തന്നെ കുട്ടിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചെന്നും ഡോക്ടര്‍ പരിശോധിച്ചെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഗുരുതരനിലയിലായിരുന്ന കുട്ടി അരമണിക്കൂറിനുള്ളില്‍ മരിച്ചുവെന്നും വ്യക്തമാക്കി.