പോണവനും വരുന്നവനുമൊക്കെ ചെളി വാരിയെറിയുന്നു ; ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും പൊതു സമൂഹത്തോട് സംസാരിക്കണം

Loading...

നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന പ്രശ്‌നങ്ങളില്‍ രൂക്ഷമായ പ്രതികരണവുമായി ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. പ്രശ്‌നത്തില്‍ തുടരുന്ന മൗനം സൂപ്പര്‍താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും വെടിയണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഭാഗ്യലക്ഷ്മി ആവശ്യപ്പെട്ടു.

ഭാഗ്യലക്ഷ്മിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

Loading...

നടിയുടെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് കേരളം മുഴുവന്‍ ഉറ്റുനോക്കുന്നത് മലയാള സിനിമയിലേക്കാണ്..പ്രതികള്‍ ആര് എന്ന ഭയാനകമായ ഒരു അന്തരീക്ഷം സിനിമാലോകത്തുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. അത് പോലീസും കോടതിയും തെളിയിക്കും എന്ന് നമുക്ക് വിശ്വസിക്കാം..പ്രതീക്ഷയോടെ കാത്തിരിക്കാം..എനിക്ക് പറയാനുളളത് മറ്റൊന്നാണ്…ഈ സംഭവം നടന്നതിന് ശേഷം പൊതു സമൂഹവും മാധ്യമങ്ങളും മുഴുവന്‍ കരുതുന്നത് മലയാള സിനിമാ ലോകത്ത് പെണ്‍വാണിഭത്തിന്റേയും, മയക്കുമരുന്നിന്റേയും,ഗുണ്ടകളുടേയും അഴിഞ്ഞാട്ടമാണ് നടക്കുന്നത് എന്നാണ്.

നാല്പത് വര്‍ഷമായി ഞാനീ രംഗത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട്…ബാല്യവും കൌമാരവും യൗവ്വനവും കഴിഞ്ഞ് ഇതാ മധ്യ വയസ്സിലെത്തി നില്‍ക്കുമ്പോഴും ഇത്തരത്തിലുളള ഒരു കാഴ്ചയും അനുഭവവും എനിക്ക് വ്യക്തിപരമായി നേരിടേണ്ടി വന്നിട്ടില്ല…ഈ രാജ്യത്തെ ഏത് തൊഴില്‍ മേഘലയിലും നടക്കുന്നതുപോലെ ചെറിയ ചെറിയ ചില ഒറ്റപ്പെട്ട സംഭവങ്ങള്‍ നടന്നിട്ടുണ്ടാവാം.

സിനിമയായതുകൊണ്ട് മാത്രം സമൂഹം അതിന് അമിത പ്രാധാന്യം നല്‍കുന്നു..ഒരു നടനോ നടിയോ വിവാഹ മോചിതരായാല്‍ പോലും സിനിമയിലുളള സകലരെയും ജനം പരിഹസിക്കുന്നു. കുടുംബ കോടതിയില്‍ പോയി നോക്കിയാലറിയാം സിനിമാക്കാരാണോ അല്ലാത്തവരാണോ ഏറ്റവുമധികം വിവാഹ മോചനം നേടുന്നതെന്ന്.

ഇപ്പോള്‍ നടിയുടെ വിഷയം വന്നപ്പോള്‍ എല്ലാ അതിര്‍ വരമ്പുകളും ഭേദിച്ച് വളരേ മോശമായ ഭാഷയില്‍ സിനിമാ ലോകത്തെക്കുറിച്ച് വിമര്‍ശിക്കുന്നു. ഇതിന് കാരണക്കാര്‍ സിനിമാക്കാര്‍ തന്നെയാണ്. ഈയിടെ ഒരു ടിവി ചര്‍ച്ചയില്‍ അഡ്വ ജയശങ്കര്‍ പറയുന്നത് കേട്ടു,’യാതൊരു ഉളുപ്പുമില്ലാത്തവരാണ് സിനിമാക്കാരെന്ന്’.അത് കേട്ട് ഒന്നും പ്രതികരിക്കാതിരിക്കുന്നു അതേ ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു സിനിമാ പ്രവര്‍ത്തകന്‍..ഒരു നിര്‍മ്മാതാവ് പറയുന്നു പെണ്‍കുട്ടിയെ രണ്ട് മണിക്കൂറല്ലേ പീഡിപ്പിച്ചുളളൂ എന്ന്.

തന്റെ സഹപ്രര്‍ത്തക എന്ന് പോലും ചിന്തിക്കാതെ ഒരു നടന്‍ പറയുന്നു നടിയെ നുണപരിശോധനക്ക് വിധേയയയാക്കണമെന്ന്,മറ്റൊരു നടന്‍ പറയുന്നു നടിയുടെ സൗഹൃദമാണ് ഇതിനെല്ലാം കാരണമെന്ന്.ഇതെല്ലാം കേട്ടിട്ടും നടികൂടി അംഗമായുളള സംഘടന തന്റെ മക്കളെ ശാസിക്കുന്നില്ല…ഇത്രയേറെവേദനയും അപമാനവും സഹിച്ചതും പോരാഞ്ഞിട്ടാണോ ഈ വാക്കുകളിലൂടെ വീണ്ടും വീണ്ടും അവളെ പീഡിപ്പിക്കുന്നത്?

പറയാന്‍ പാടില്ലാത്തത് പറഞ്ഞിട്ട് മാപ്പ് പറഞ്ഞാല്‍ തീരുമോ അവള്‍ നേരിടുന്ന വേദന…ഇപ്പോള്‍ ആ പെണ്‍കുട്ടിക്ക് വേണ്ടത് ആശ്വാസ വാക്കുകളാണ്.ഞങ്ങളുണ്ട് നിന്നൊടൊപ്പം എന്ന അണച്ച് നിര്‍ത്തലാണ്.. ഒരു നടന്‍ പോയിട്ട് ഒരു നടി പോലും ഇവര്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തുന്നില്ല.

ഇതിനൊന്നും ഞങ്ങള്‍ മറുപടി പറയേണ്ട കാര്യമില്ല എന്ന രീതിയില്‍ മലയാള സിനിമയിലെ മറ്റു സംഘടനകള്‍ മൗനം പാലിക്കുന്നു …വ്യക്തിപരമായി പോലും ആരും അഭിപ്രായം പറയുന്നില്ല.നില നില്പാണ് പലരേയും ഭയപ്പെടുത്തുന്നത് എങ്കില്‍,ഇതാര്‍ക്കും സംഭവിക്കാമെന്നത് പലരും വിസ്മരിക്കുന്നു. നടിയുടെ വിഷയം എന്നതിലുപരി ഇതൊരു സ്ത്രീയുടെ വിഷയമാണ്, സമൂഹത്തേയും സിനിമാലോകത്തേയും ഒരുപോലെ ബാധിക്കുന്ന വിഷയമാണ്..സിനിമാക്കാരെല്ലാം ഒന്നിച്ച് നിന്ന് ആരുടേയും പക്ഷം പിടിക്കാതെ പെണ്‍കുട്ടിക്ക് വേണ്ടി സംസാരിക്കുകയല്ലേ വേണ്ടത്.?

നഷ്ടം പെണ്‍കുട്ടിക്ക് മാത്രമല്ല. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഓരോരുത്തര്‍ക്കുമാണ്. ഈ കലയെ വെറും കച്ചവടമാക്കിയ ഓരോരുത്തരും ഈയവസ്ഥക്ക് ഉത്തരവാദികളാണ്. സിനിമയില്‍ നിന്ന് പണവും പ്രശസ്തിയും ഉണ്ടാക്കുമ്പോള്‍ ആ സിനിമാ ലോകത്തോട് ചലചിത്ര പ്രവര്‍ത്തകര്‍ക്ക് പ്രതിബദ്ധതകൂടി വേണ്ടേ.?

കുറച്ച് നാളുകളായി പല പല വിഷയങ്ങളുമായി ബന്ധപ്പെട്ട് മലയാള സിനിമാലോകം പ്രതിക്കൂട്ടിലാണ്.പോണവനും വരുന്നവനുമൊക്കെ ചെളി വാരിയെറിയുന്നു. ഈ രംഗത്ത് തെറ്റുചെയ്യുന്നവരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടട്ടേ.

ഇനിയെങ്കിലും ഈ മൗനം വെടിഞ്ഞ് മലയാളസിനിമയുടെ നെടുംതൂണായി നില്‍ക്കുന്ന മമ്മൂട്ടിയും മോഹന്‍ലാലും പുതിയ തലമുറയും പൊതു സമൂഹത്തോട് സംസാരിക്കണം. ഈ പ്രതിസന്ധിയില്‍ നിന്ന് മലയാള സിനിമയെ രക്ഷിക്കണം..

നമ്മളെല്ലാം ഉണ്ണുന്ന ചോറാണിത്…ആ ചോറില്‍ മണ്ണ് വാരിയിടാന്‍ നാം തന്നെ വഴിവെച്ച് കൊടുക്കരുത്..