ഷവായ് കഴിച്ച്‌ കുട്ടിക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച്‌ ഭക്ഷ്യസുരക്ഷാ വകുപ്പ്

കൊല്ലം: അഞ്ചലില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വിറ്റ ബേക്കറി ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂട്ടിച്ചു. ചന്തവിളയിലെ ഭാരത് ബേക്കറിയാണ് താത്കാലികമായി പൂട്ടിച്ചത്. ബേക്കറിയില്‍ നിന്ന് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടിച്ചെടുത്തിതിനെ തുടര്‍ന്നായിരുന്നു ഉദ്യോഗസ്ഥരുടെ നടപടി.

കഴിഞ്ഞ ദിവസം ബേക്കറിയില്‍ നിന്നും ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധ ഏറ്റിരുന്നു. ഏറം ലക്ഷം വീട് സ്വദേശി സജിന്റെ കുട്ടികള്‍ക്കാണ് ഷവായ് കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഭക്ഷ്യ വിഷബാധയാണെന്ന കാര്യം അറിഞ്ഞത്. തുടര്‍ന്ന് സജിത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന് പരാതി നല്‍കി. ഇതിന്റെ അടസ്ഥാനത്തിലാണ് ഭക്ഷ്യ സുരക്ഷ വകുപ്പ് ബേക്കറിയില്‍ പരിശോധന നടത്തിയത്.

Loading...

പരിശോധനയില്‍ ബേക്കറിയില്‍ നിന്നും പഴകിയ കോഴിയിറച്ചി, പുഴുങ്ങിയ മുട്ടകള്‍, പഴകിയ മസാലപ്പൊടികള്‍ എന്നിവ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്നാണ് ബേക്കറി താത്കാലികമായി പൂട്ടിച്ചത്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ ബേക്കറിയുടമയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കിയ ശേഷം വീണ്ടും ഹോട്ടലില്‍ ഭക്ഷ്യവകുപ്പ് പരിശോധന നടത്തും. ശേഷമാകും ബേക്കറിയ്ക്ക് പ്രവര്‍ത്തനാനുമതി നല്‍കുക.