കാര്‍ യാത്രകളില്‍ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പാക്കാം

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെയും കുഞ്ഞ് തേജസ്വനിയുടെയും മരണത്തിന്റെ ഞെട്ടലില്‍ നിന്നും കേരളം മുക്തരായിട്ടില്ല. ഇന്നോവ കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിച്ചുണ്ടായ അപകടമാണ് രണ്ടുവയസുകാരി തേജസ്വിനി ബാലയുടെ ജീവന്‍ കവര്‍ന്നത്. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലിരിക്കെ ബാലഭാസ്‌കറും മരണത്തിന് കീഴടങ്ങിയിരുന്നു.

അതേസമയം, ഈ ദുരന്തം നമ്മെ ഓര്‍മ്മിപ്പിക്കുന്നത് യാത്രകളില്‍ കുട്ടികളെ സുരക്ഷിതമാക്കണമെന്നാണ്. അപകടസമയത്ത് ഇന്നോവ കാറിന്റെ മുന്‍ സീറ്റില്‍ ബാലഭാസ്‌കറിന്റെ മടിയില്‍ കിടന്നുറങ്ങുകയായിരുന്നു മകള്‍. കുട്ടിയെ ആശുപത്രിയിലെത്തുന്നതിനും മുമ്പേ മരിച്ചിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടങ്ങളിലും അപ്രതീക്ഷിത സംഭവങ്ങളിലും കുട്ടികള്‍ക്ക് മുതിര്‍ന്നവരേക്കാള്‍ അപകടസാധ്യതയുണ്ട്. ശരീരത്തിനും മനസ്സിനും മാറാക്ഷതങ്ങള്‍ ഉണ്ടാവാനോ ജീവന്‍തന്നെ അപായപ്പെടാനോ സാധ്യത കൂടുതലാണ്. കുട്ടികളുടെ സുരക്ഷിത യാത്രയ്ക്കായി ഡോ. ഷിനു ശ്യാമളന്‍ പറയുന്നു:

കുട്ടികളുടെ സുരക്ഷിതമായ യാത്ര നമ്മുടെ കൂടെ ഉത്തരവാദിത്വമാണ്. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റാം. അതിനാല്‍ എല്ലാവരും ബേബി കാര്‍ സീറ്റ് വാങ്ങുക. പല വിലയിലും പല വലിപ്പത്തിലും 3000 രൂപ മുതല്‍ വിലയില്‍ ഇവ ലഭ്യമാണ്.

കുട്ടികള്‍ക്ക് 4 അടി 9 ഇഞ്ച് ഉയരം(145 cm) ആകുന്നതു വരെയെങ്കിലും ബേബി കാര്‍ സീറ്റ് ഉപയോഗിക്കണം. 8 വയസ്സിനും 12 വയസ്സിനും ഇടയില്‍ അത്രയും പൊക്കം എത്താം. അതിന് ശേഷം മാത്രം അവരെ കാര്‍ സീറ്റില്‍ ഇരുത്തുക. ബേബി കാര്‍ സീറ്റ് പുറകിലത്തെ സീറ്റില്‍ ഉറപ്പിക്കുന്നതാണ് നല്ലതും കൂടുതല്‍ സുരക്ഷിതത്വവും.

കാറിന്റ സീറ്റ് ബെല്‍റ്റ് ഉപയോഗിച്ചാണ് ബേബി കാര്‍ സീറ്റ് സീറ്റില്‍ ഉറപ്പിക്കുന്നത്. ദീര്‍ഘദൂര യാത്രകളില്‍ കുട്ടികള്‍ക്ക് അതിലിരുന്ന് സുഖമായി ഉറങ്ങാവുന്നതാണ്. ഉറങ്ങുമ്പോള്‍ തല നേരെ ഇരിക്കുവാന്‍ ഇവ സഹായിക്കുന്നു. പാശ്ചാത്യ രാജ്യങ്ങളില്‍ ബേബി കാര്‍ സീറ്റ് നിര്‍ബന്ധം ആണെന്ന് കേട്ടിട്ടുണ്ട്. അത് വളരെ നല്ല കാര്യമാണ്. ഇവിടെ ബേബി കാര്‍ സീറ്റ് ഉപയോഗിച്ച് കുഞ്ഞുകുട്ടികളെ ഇരുത്തുന്നത് കണ്ടാല്‍ ഭാഗ്യം.

നവജാതശിശുക്കള്‍ മുതല്‍ 36 കിലോ വരെ (അല്ലെങ്കില്‍ 4 അടി 9 ഇഞ്ച് ഉയരം(145 cm) കുട്ടികള്‍ക്കാകുന്നത് വരെ ഇവ കാര്‍ യാത്രയില്‍ ഉപയോഗിക്കേണ്ടതാണ്. കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ കുട്ടികള്‍ ആ കാറില്‍ ഉണ്ടെങ്കില്‍ (ബേബി കാര്‍ സീറ്റ് ഇല്ലെങ്കില്‍) അവര്‍ക്കാണ് ഏറ്റവും ഗുരുതരമായി പരിക്കേല്‍ക്കുവാന്‍ സാധ്യത. അതിനാല്‍ എല്ലാവരും ബേബി കാര്‍ സീറ്റ് വാങ്ങുക.

Top