ബാലഭാസ്കറിന്റെ മരണം കൊലപാതകമോ?: ബാലഭാസ്കറിന്‍റേത് അപകടമരണമെന്ന് മൊഴി നൽകിയ കെഎസ്ആര്‍ടിസി ഡ്രൈവർ ഇന്ന് യുഎഇ കോൺസുലേറ്റ് വഴി യുഎഇ സര്‍ക്കാരിന്റെ ഡ്രൈവറായി ദുബായിൽ ജോലി ചെയ്യുന്നു

തിരുവനന്തപുരം: ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതയ്ക്ക് ഇന്നും ഉത്തരമില്ല. ഇത് അപകട മരണമോ കൊലപാതകമോ എന്ന സംശയങ്ങൾ വീണ്ടും അവർത്തിക്കുകയാണ്. ദുരൂഹതയ്ക്ക് വീണ്ടും ആക്കം കൂട്ടി ഒരു വാർത്തകൂടി പുറത്തേക്ക് വരുകയാണ്. അപകടം നടന്ന സമയത്ത് ബാലഭാസ്ക്കറിന്റെ കാറിന് പിന്നാലെ വന്ന കെഎസ്ആർടിസി ഡ്രൈവറും അദ്ദേഹം അന്നു നൽകിയ മൊഴിയും കേസിൽ നിർണായകമായിരുന്നു. ഈ ഡ്രൈവറുടെ മൊഴി അനുസരിച്ചാണ് ബാലുവിന്റേത് അപകടമരണമാണെന്ന് അന്വേഷണ സംഘം ഉറപ്പിച്ചത്. എന്നാൽ ഇന്ന് ഈ ഡ്രൈവർ യുഎഇ കോൺസുലേറ്റ് വഴി സർ‌ക്കാരിലെ ഡ്രൈവറായി ദുബായിൽ ജോലി ചെയ്യുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കെഎസ്ആർടിസി ഡ്രൈവർ സി. അജിയാണ് ബാലഭാസ്കറിൻറേത് അപകടമരണമെന്ന് മൊഴി നൽകിയത്. ബാലുവിന്റെ കാറിന് പിന്നിൽ ഈ ബസും ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അജിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. അജിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം അപകടമെന്ന് ഉറപ്പിച്ചത്. ഇപ്പോൾ അജി ഇന്ന് യുഎഇ കോൺസുലേറ്റ് വഴി യുഎഇ സർക്കാരിൻറെ കീഴിൽ ബസ് ഡ്രൈവറായതും ഇപ്പോൾ പുറത്തുവന്ന സ്വർണക്കള്ളക്കടത്തും കൂട്ടിച്ചേർക്കുമ്പോൾ പല സംശയങ്ങളും ഉയർന്നുവരുകയാണ്. ഒരു പക്ഷേ ഈ അപകടം ആസൂത്രിതമായ കൊലപാതകമാണോ എന്നാണ് ഇപ്പോൾ ഉയരുന്ന സംശയം.

Loading...

അതേസമയം ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കാൻ സിബിഐ എത്തുന്നതോടെ കേരളം കേന്ദ്രീകരിച്ച് നടക്കുന്ന വൻതോതിലുള്ള സ്വർണക്കടത്തനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ടു നടന്ന വിവാദ സ്വർണക്കടത്ത് കേസും ബാലഭാസ്‌കറിന്റെ മരണത്തിലുള്ള അന്വേഷണവും ബന്ധപ്പെടുത്തേണ്ടി വരുമെന്നാണ് അറിയുന്നത്.