ബാലഭാസ്‌കറിന്റെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും; പിതാവിന്റെ പരാതിയില്‍ പുതിയ അന്വേഷണ സംഘം

വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. സംഭവം ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. ബാലഭാസ്‌കറിന്റെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് ഡി ജി പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണ സംഘത്തെ ഉടന്‍ തീരുമാനിക്കും.

ആറ്റിങ്ങല്‍ ഡിവൈ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നിലവില്‍ ബാലഭാസ്‌ക്കറിന്റെ മരണം അന്വേഷിക്കുന്നത്. ഐ പി എസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ കൊണ്ട് കേസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബാലുവിന്റെ അച്ഛന്‍ ഉണ്ണി മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കിയിരുന്നു.

Loading...

2018സെപ്റ്റംബര്‍ 25ന് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ചുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരിക്കെ ബാലഭാസ്‌ക്കര്‍ ഒക്ടോബര്‍ രണ്ടിനാണ് മരിച്ചത്. അപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ രണ്ടു വയസ്സുകാരി തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു.

അതേസമയം അപകടസമയം ബാലഭാസ്‌കറാണ് കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ഡ്രൈവറിന്റെ മൊഴി. എന്നാല്‍ ഡ്രൈവറാണ് കാര്‍ ഓടിച്ചിരുന്നതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ മൊഴി. ഡ്രൈവര്‍ക്ക് ക്രിമിന്‍ പശ്ചാത്തലവുമുണ്ടെന്ന് വാര്‍ത്ത പുറത്തെത്തിയിരുന്നു.