ബാലഭാസ്‌കറിന്റെ മരണം;സിബിഐ സംഘം തെളിവെടുപ്പ് തുടങ്ങി

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആരംഭിച്ചതിന് പിന്നാലെ സംഘം സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് ആരംഭിച്ചു. കേസിലെ പ്രധാന സാക്ഷിയായ കലാഭവന്‍ സോബിയുമായിട്ടാണ് തെളിവെടുപ്പ് നടക്കുന്നത്. തിരുവനന്തപുരം പള്ളിപ്പുറത്ത് അപകടം നടന്ന സ്ഥലത്ത് സംഘമെത്തി തെളിവെടുപ്പ് നടക്കുകയാണ്. അപകടത്തിന്റെ ദൃക്‌സാക്ഷി എന്ന് അവകാശപ്പെടുന്നയാളാണ് കലാഭവന്‍ സോബി. അപകടം നടക്കും മുമ്പ് തന്നെ ബാലഭാസ്‌കറിന്റെ വാഹനത്തോട് സാമ്യമുള്ള മറ്റൊരു വാഹനത്തിനു നേരെ ഒരു സംഘം ആളുകള്‍ അക്രമം നടത്തിയെന്നും വാഹനത്തിന്റെ മുന്‍ സീറ്റില്‍ അവശ നിലയില്‍ ഒരാളെ കണ്ടിരുന്നു എന്നുമാണ് സോബി മൊഴി നല്‍കിയിരിക്കുന്നത്.

അപകടം നടന്ന സ്ഥലത്തു നിന്ന് രണ്ടു കിലോ മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിനു മുന്നിലായിരുന്നു ആക്രമണമെന്നും മൊഴിയുണ്ട്. ഈ മൊഴിയിലെ വസ്തുതാ പരിശോധനയാണ് സിബിഐ ഇന്ന് നടത്തുന്നത്. ബാലഭാസ്‌കറിന്റെ അപകട മരണത്തിന് പിന്നില്‍ സ്വര്‍ണ കടത്ത് സംഘത്തിന്റെ പങ്കുണ്ടോ എന്നതിനെ കുറിച്ചാണ് സിബിഐ അന്വേഷിക്കുന്നത്. ബാലഭാസ്‌കറിന്റേത് അപകട മരണമാണെന്ന ക്രൈംബ്രാഞ്ച് കണ്ടെത്തല്‍ ബന്ധുക്കള്‍ നേരത്തെ തള്ളിയിരുന്നു. ഡ്രൈവര്‍ അര്‍ജ്ജുനെ മറയാക്കി സ്വര്‍ണ കള്ളകടത്ത് സംഘം ആസൂത്രിതമായി നടപ്പാക്കിയ കൊലപാതകമാണ് എന്നാണ് ബന്ധുക്കളുടെ ആരോപണം.

Loading...