ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കും

വാഹനാപകടത്തെ തുടർന്ന് അന്തരിച്ച വയലിനിസ്റ് ബാലഭാസ്കറിന്റെ മരണം സി.ബി.ഐ. അന്വേഷിക്കും. അന്വേഷണം സി.ബി.ഐ.ക്ക് കൈമാറി സർക്കാർ ഉത്തരവിറങ്ങി .

ക്രൈംബ്രാഞ്ച് അന്വേഷത്തില്‍ തൃപ്തിയില്ലെന്നും, ബാലഭാസ്‌കറിന്റെ മരണം സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പിതാവ് ഉണ്ണി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. സിബിഐക്ക് വിടുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനു തീരുമാനമെടുക്കാമെന്നു ഡിജിപി സര്‍ക്കാരിനെ അറിയിച്ചിരുന്നു. മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഡിജിപി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ യോഗം വിളിച്ചു കേസിന്റെ പുരോഗതി ആരാഞ്ഞു. അപകടത്തില്‍ ദുരൂഹതയിലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്.

Loading...

ബാലഭാസ്‌കറിന്റെ പിതാവ് പരാതിയില്‍ പറഞ്ഞ കാര്യങ്ങളെല്ലാം അന്വേഷിച്ചു. സാമ്ബത്തിക ഇടപാടുകള്‍ സംബന്ധിച്ച ചില കാര്യങ്ങളില്‍ മാത്രമാണ് വ്യക്തത വരാനുള്ളത്. അന്തിമ റിപ്പോര്‍ട്ട് ഉടന്‍ തയാറാകുമെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. എന്നാല്‍, ഇതിനു ശേഷവും സംഭവത്തില്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ചിലര്‍ക്കുള്ള ബന്ധത്തിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരുന്നു. പൊതുസമൂഹത്തില്‍ ചര്‍ച്ചയായ കേസായതിനാല്‍ സിബിഐ അന്വേഷണം വേണോയെന്നു സര്‍ക്കാര്‍ നിലപാടെടുക്കട്ടെ എന്ന അഭിപ്രായമാണ് ഡിജിപി മുന്നോട്ടു വച്ചത്. ഇക്കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ഡിജിപി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസ് സിബിഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ബാലഭാസ്‌കര്‍ സഞ്ചരിച്ച വാഹനം ഓടിച്ചത് ഡ്രൈവര്‍ അര്‍ജുനാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ബാലഭാസ്‌കറിന്റെയും മകളുടെയും മരണത്തിനിടയാക്കിയതു കാറിന്റെ അമിതവേഗം മൂലമുള്ള സ്വാഭാവിക അപകടമാണെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്.

വാഹനം ഓടിച്ച ആളിനെക്കുറിച്ചുള്ള മൊഴികളിലെ ആശയക്കുഴപ്പമാണ് ദുരൂഹതയ്ക്ക് കാരണമായത്. അര്‍ജുനാണ് വാഹനമോടിച്ചതെന്നായിരുന്നു ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെയും അപകടത്തിന്റെ ദൃക്‌സാക്ഷി നന്ദുവിന്റെയും മൊഴി. ബാലഭാസ്‌കറിനെ ഡ്രൈവിങ് സീറ്റില്‍ കണ്ടെന്നായിരുന്നു സംഭവ സ്ഥലത്തെത്തിയ കെഎസ്‌ആര്‍ടിസി െൈഡ്രവര്‍ അജിയുടെ മൊഴി. ഫോറന്‍സിക് പരിശോധനാഫലം വന്നതോടെ ഈ ആശക്കുഴപ്പം ഒഴിവായി. തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനുശേഷം മടങ്ങുമ്ബോഴാണ് സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ബാലഭാസ്‌കറും ഭാര്യയും കുട്ടിയും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്ത് നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിക്കുന്നത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അര്‍ജുനും പരുക്കേറ്റു.