ബാലഭാസ്‌കറിന്റെ മരണം: ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി എടുത്തുകൊണ്ടുപോയെന്ന് കട ഉടമ

പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവിന്റെ മൊഴിയെടുക്കാനായില്ല. ജിഷ്ണുവും സ്ഥലത്തില്ലെന്നാണ് ക്രൈംബ്രാഞ്ചിന് ലഭിച്ച വിവരം. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അമിതവേഗതയിലാണ് ഓടിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. തൃശൂരില്‍ നിന്ന് പുറപ്പെടുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജ്ജുന്‍ ആണ്.

ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായകമൊഴി. ജ്യൂസ് കടയുടെ സിസിടിവി ദൃശ്യങ്ങള്‍ പ്രകാശന്‍ തമ്പി എടുത്തുക്കൊണ്ടുപോയി. ബാലഭാസ്‌കര്‍ ജ്യൂസ് കുടിച്ച കൊല്ലത്തെ കടയുടമ ഷംനാദിന്റേതാണ് മൊഴി.
ഹാര്‍ഡ് ഡിസ്‌ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്നുവെന്നും കടയുടമ പറഞ്ഞു. ഇതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയാണ്. കേസന്വേഷണത്തിനിടെയാണ് ദൃശ്യങ്ങള്‍ കൊണ്ടുപോയത്. ഡിവൈഎസ്പി ഹരികൃഷ്ണനാണ് മൊഴിയെടുത്തത്. സിസിടിവി ദൃശ്യം ആദ്യ അന്വേഷണസംഘം ശേഖരിച്ചില്ലെന്നും കണ്ടെത്തി.

അതേസമയം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജ്ജുന്‍ കേരളം വിട്ടെന്ന് റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അസമിലെന്ന് ക്രൈം ബ്രാഞ്ച്. പരിക്കേറ്റയാള്‍ ഇത്രയും ദൂരം യാത്ര പോയതില്‍ ദുരൂഹതയുണ്ടെന്നാണ് പറയുന്നത്. ഫൊറന്‍സിക് ഫലത്തിന് ശേഷം അര്‍ജ്ജുനെ ചോദ്യം ചെയ്യും.