ദിലീപിന്റേത് പ്രതീക്ഷിച്ച വിധി, തന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയെന്ന് ബാലചന്ദ്രകുമാർ

കൊച്ചി: അന്വേഷണ ഉദ്യോ​ഗസ്ഥർക്കെതിരായ വധ​ഗൂഢാലോചനക്കേസിൽ ദിലീപിന്റെ ഹർജി തള്ളിയ ഹൈക്കോടതി വിധി സ്വാ​ഗതം ചെയ്ത് സംവിധായകൻ ബാലചന്ദ്രകുമാർ. ഹർജിയിലെ വിധി താൻ പ്രതീക്ഷിച്ചതാണെന്നും താൻ നൽകിയ തെളിവുകൾ കോടതി സ്വീകരിച്ചുവെന്നും ബാലചന്ദ്രകുമാർ വ്യക്തമാക്കി. തൻറെ വിശ്വാസ്യത മോശമാക്കാനായിരുന്നു എതിർകക്ഷി ശ്രമിച്ചത്. കോടതി ഉത്തരവോടെ തൻറെ വിശ്വാസ്യത തിരിച്ചുകിട്ടിയിരിക്കുകയാണ്. പുറത്തുകേട്ട ശബ്ദരേഖ ടീസർ മാത്രമാണെന്നും പരാതി നൽകും മുമ്പ് പെറ്റിക്കേസിൽ പോലും താൻ പ്രതിയായിട്ടില്ലെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

കേസിലെ എഫ്ഐആർ റദ്ദാക്കണമെന്ന ദിലീപിൻറെ ഹർജി തള്ളിയ ഹൈക്കോടതി, അന്വേഷണവുമായി മുന്നോട്ട് പോകാമെന്നാണ് വ്യക്തമാക്കിയത്. കേസ് വ്യാജമാണെന്നും, ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് വധഗൂഢാലോചനയാകില്ലെന്നും തന്നെ വേട്ടയാടാനായി കെട്ടിച്ചമച്ച കേസാണെന്നും പറഞ്ഞാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കേസിൻറെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച ഹൈക്കോടതി, കേസിലെ എഫ്ഐആർ റദ്ദാക്കില്ലെന്നും വ്യക്തമാക്കി. ‘ഡിസ്മിസ്ഡ്’, റദ്ദാക്കുന്നു എന്ന ഒറ്റ വാക്കിലാണ് ഹൈക്കോടതി വിധി പറഞ്ഞത്. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പ്രതികളാണ് കേസിലുള്ളത്. സംവിധായകൻ ബാലചന്ദ്രകുമാറാണ് ഇത്തരത്തിൽ ഒരു ഗൂഢാലോചന നടന്നുവെന്ന് നാല് വർഷത്തിന് ശേഷം ഒരു മാധ്യമത്തിലൂടെ തുറന്നുപറഞ്ഞത്.

Loading...