ജോര്‍ജുമായി കൈകോര്‍ക്കാന്‍ പിള്ള റെഡി

തിരുവനന്തപുരം: അഴിമതിക്കെതിരായ പോരാട്ടാത്തില്‍ പി.സി ജോര്‍ജുമായി കൈകോര്‍ക്കാന്‍ താന്‍ തയ്യാറാണെന്ന് ബാലകൃഷ്ണ പിള്ള പറഞ്ഞു. ധനമന്ത്രി കെ.എം മാണിയെ താന്‍ അനുകൂലിക്കുന്നില്ലെന്നും എന്നാല്‍, മാണിയേക്കാള്‍ അയോഗ്യന്മാര്‍ യുഡിഎഫ്‌ മന്ത്രിസഭയില്‍ ഉണ്ടെന്നും കേരളാ കോണ്‍ഗ്രസ്‌ (ബി) ചെയര്‍മാന്‍ ആര്‍. ബാലകൃഷ്‌ണപിള്ള വ്യക്തമാക്കി. കൂടാതെ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെതിരായ കോഴ ആരോപണത്തില്‍ ക്വിക്‌ വെരിഫിക്കേഷന്‍ നടത്തണമെന്നും ആദ്ദേഹം ആവശ്യപ്പെട്ടു. ബാര്‍ കോഴക്കേസില്‍ വിജിലന്‍സിന്‌ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു പിള്ള.

ബാര്‍ കേസിന്റെ അന്വേഷണം ശരിയായ രീതിയിലാണെന്ന്‌ വിശ്വസിക്കുന്നില്ല. ബിജു രമേശ്‌ തന്റെ പേര്‌ ഇതിലേയ്‌ക്ക് വലിച്ചിഴച്ചതുകൊണ്ടാണ്‌ താന്‍ മൊഴി നല്‍കാനെത്തിയത്‌. കിങ്‌ പിന്‍ ആരാണെന്ന്‌ മന്ത്രി മാണി വ്യക്‌തമാക്കണമെന്നും പിള്ള പറഞ്ഞു.

Loading...

കൂട്ടത്തരവാദിത്വമില്ലാത്ത ഈ മന്ത്രിസഭയ്‌ക്ക് തുടരാന്‍ അര്‍ഹതയില്ല. മന്ത്രിമാരുടെ അഴിമതിയെ കുറിച്ച്‌ മുഖ്യമന്ത്രിയ്‌ക്ക് നല്‍കിയ കത്ത്‌ വൈകാതെ പുറത്തു വിടും. ഉപഭോക്‌തൃ കോടതിയില്‍ ജഡ്‌ജിമാരെ നിയമിച്ചതില്‍ അഴിമതി നടന്നിട്ടുണ്ടെന്നും ഈ അഴിമതിയുടെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും പിള്ള പറഞ്ഞു.

വിജിലന്‍സിന്‌ നല്‍കിയ മൊഴി പുറത്തു പറയുന്നത്‌ മാന്യതയല്ല. അതുകൊണ്ട്‌ മൊഴിയുടെ വിശദാംശങ്ങള്‍ പുറത്ത്‌ പറയുന്നില്ല. ഇങ്ങോട്ട്‌ ചോദിച്ച ചോദ്യങ്ങള്‍ക്ക്‌ മറുപടി നല്‍കുക മാത്രമാണ്‌ താന്‍ ചെയ്‌തതെന്നും ബാലകൃഷ്‌ണപിള്ള പറഞ്ഞു.