നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു;വധു എലീന കാതറിന്‍

നടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു. എലീന കാതറിന്‍ ആണ് വധു. നടിയും മോഡലുമാണ് എലീന. കഴിഞ്ഞ മാസം നടന്ന പിറന്നാള്‍ ദിനത്തിലായിരുന്നു ബാലു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ എലീനയെ പ്രപ്പോസ് ചെയ്തത്. ഇക്കാര്യം ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചതും താരം തന്നെയാണ്. ഇരുവരുടെയും വിവാഹ നിശ്ചയം അടുത്ത മാസം നടക്കും.

ചാന്ത്‌പൊട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായ നടനാണ് ബാലു വര്‍ഗീസ്. കോമഡി കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംനേടിയ താരത്തിന്റേതായി ഒരുപിടി നല്ല ചിത്രങ്ങളാണ് പോയ വര്‍ഷം നമ്മള്‍ കണ്ടത്.

Loading...

ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. വിജയ് സൂപ്പറും പൗര്‍ണമിയിലും ഇരുവരും ഒരുമിച്ച്‌ അഭിനയിച്ചിരുന്നു.

റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച്‌ സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച്‌ രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.