കള്ളനോട്ടുണ്ടാക്കുന്നതിനിടെ പിടിയിലായ മൂവര്‍ സംഘം വിവിധ കേസുകളിലെ പ്രതികളെന്ന് പോലീസ്

കോഴിക്കോട്: ബാലുശ്ശേരിയില്‍ ഇരുനില വീടു കേന്ദ്രമാക്കി കള്ളനോട്ടുണ്ടാക്കുന്നതിനിടെ പിടിയിലായ മൂവര്‍ സംഘം വിവിധ കേസുകളിലെ പ്രതികളെന്ന് പോലീസ്. എറണാകുളം വൈറ്റില തെങ്ങുമ്മല്‍ വില്‍ബര്‍ട്ട് (43), ബാലുശ്ശേരി മീത്തലെമണിഞ്ചേരി രാജേഷ് (മുത്തു-45), നല്ലളം താനില വൈശാഖ് (24) എന്നിവരെയാണു സിഐ കെ സുഷീറും സംഘവും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. പോസ്റ്റ് ഓഫിസ് റോഡിലുള്ള രാജേഷിന്റെ ഇരുനില വീട്ടിലായിരുന്നു കള്ളനോട്ട് നിര്‍മ്മാണം. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിര്‍മ്മിക്കാനുള്ള സംവിധാനങ്ങളാണ് ഉണ്ടായിരുന്നത്.

കേസില്‍ അറസ്റ്റിലായ രാജേഷ് മാനിനെ വേട്ടയാടി ഇറച്ചി വില്‍പന നടത്തിയ കേസില്‍ നേരത്തേ വനപാലകരുടെ പിടിയിലായിരുന്നു. ഈ കേസില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ റിമാന്‍ഡില്‍ കഴിയുമ്പോഴാണു രാജേഷ് കള്ളനോട്ട് കേസില്‍ മലപ്പുറത്തു നിന്നു പിടിയിലായ പ്രതി വില്‍ബര്‍ട്ടും ബോംബേറ് കേസിലെ പ്രതി വൈശാഖുമായി പരിചയത്തിലാകുന്നത്.

ജയിലില്‍ വെച്ച് പരിചയത്തിലായ മൂവരും കള്ളനോട്ട് നിര്‍മ്മിക്കാന്‍ പദ്ധതിയിട്ട് ഒരുമിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. ഏതാനും ദിവസങ്ങളായി ഇവര്‍ പോലീസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലായിരുന്നു. കള്ളനോട്ട് നിര്‍മ്മാണത്തിന്റെ ബുദ്ധികേന്ദ്രം വില്‍ബര്‍ട്ടായിരുന്നു. ഇയാളാണു പ്രിന്റിങ് മെഷീന്‍, വിവിധ തരം മഷികള്‍, നോട്ടിന്റെ വലുപ്പമുള്ള കടലാസുകള്‍ എന്നിവ സംഘടിപ്പിച്ചത്. നോട്ടടിക്കാന്‍ പാകത്തിലുള്ള 200 എണ്ണം വീതമുള്ള കടലാസുകളുടെ 76 കെട്ടുകള്‍, നിര്‍മ്മിച്ച കള്ളനോട്ടുകള്‍, മറ്റു സാമഗ്രികള്‍ എന്നിവ പോലീസ് കണ്ടെടുത്തു.

പിടികൂടിയ രാസസംയുക്തങ്ങള്‍ ഫൊറന്‍സിക് സംഘം പരിശോധിച്ചു. എഎസ്‌ഐമാരായ കെഎസ് ശിവദാസന്‍, സുധാകരന്‍, കെസി പൃഥ്വീരാജ്, സി സുരേഷ്, സീനിയര്‍ സിപിഒ ശ്രീജ തുടങ്ങിയവര്‍ പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Top