മുഖംമൂടി ആക്രമണത്തില്‍ വിറങ്ങലിച്ച് ബാലുശ്ശേരി… വീട്ടമ്മയെ ഇരുമ്പ് ഗ്രില്ലിൽ കെട്ടിയിട്ടു, കടിച്ചതോടെ അക്രമി പിടിവിട്ടു

ബാലുശ്ശേരിയിൽ ജനത്തെ ഭീതിയിലാക്കിയുള്ള മുഖംമൂടി ആക്രമണം തുടരുന്നു. കിനാലൂരിൽ ഇന്നലെ പുലർച്ചെ വീട്ടമ്മയെ കെട്ടിയിട്ട് അപായപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്.

കൈതച്ചാൽ ജയപ്രകാശന്റെ ഭാര്യ ശ്രീജ (37)ക്കു നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. ലോറി ഡ്രൈവറായ ജയപ്രകാശൻ 5.15ന് ആണ് വീട്ടിൽ നിന്ന് ജോലിക്കു പോയത്. മകനും മകളും ഉറങ്ങുകയായിരുന്നു.

Loading...

അടുക്കള ഭാഗത്തിനു പുറത്ത് ടാർപോളിൻ കെട്ടിയ ഭാഗത്ത് വച്ച് ശ്രീജ ഭക്ഷണം പാകം ചെയ്യുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. പുറകിലൂടെ എത്തിയ ആൾ കണ്ണും വായും പൊത്തിപ്പിടിച്ച ശേഷം പിന്നിലേക്ക് വലിച്ചിഴച്ച് ചുമരിൽ ചാരി നിർത്തി ഇരുമ്പ് ഗ്രില്ലിൽ ബന്ധിക്കുകയായിരുന്നു.

പ്ലാസ്റ്റിക് കയർ കൊണ്ട് കഴുത്തും അയലിൽ ഉണക്കാനിട്ട ചുരിദാറിന്റെ പാന്റ്സ് ഉപയോഗിച്ച് കൈകളും കെട്ടിയിട്ടു.

മുഖം പൊത്തിപ്പിടിച്ച കൈ അയഞ്ഞപ്പോൾ ശ്രീജ ആഞ്ഞു കടിച്ചു.ഇതോടെയാണ് അക്രമി പിടിവിട്ടത്. ശബ്ദം ഉയർത്തുമെന്നായതോടെ അക്രമി ഓടിപ്പോയി.

അൽപം കഴിഞ്ഞ് 6 വയസുള്ള മകൾ പുറത്തേക്ക് എത്തിയപ്പോഴാണ് ശ്രീജയെ കെട്ടിയിട്ട നിലയിൽ കണ്ടത്. ഉടൻ സഹോദരനെ വിളിച്ചു കാര്യം പറഞ്ഞു. മകൻ എത്തിയാണ് അമ്മയുടെ ശരീരത്തിലെ കെട്ടുകൾ അഴിച്ചുമാറ്റിയത്. ഗ്രില്ലിൽ കയറിട്ടു കഴുത്ത് കൂട്ടി കെട്ടിയ നിലയിലായിരുന്നു. മകൻ കത്തികൊണ്ടാണ് കഴുത്തിലെകെട്ട് വിടുവിച്ചത്.

സംഭവത്തിൽ ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടാകാമെന്നാണ് വീട്ടുകാർ പറയുന്നത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കഴുത്തിൽ വേദന അനുഭവപ്പെട്ടതിനാൽ ശ്രീജ ആശുപത്രിയിൽ ചികിത്സ തേടി. മുഖം മൂടി ധരിച്ചെത്തിയ ആൾ കഴിഞ്ഞ ആഴ്ച യുവതിക്കും വയോധികക്കും നേരെ ആക്രമണം നടത്തിയിരുന്നു.

ദിവസങ്ങൾക്ക് മുൻപ് രാത്രി ജോലി കഴിഞ്ഞു വരികയായിരുന്ന ഒരാൾ എടന്നൂർ റോഡിലെ ഒരു വീടിനു മുൻപിൽ വച്ച് കറുത്ത രൂപത്തെ കണ്ടിരുന്നതായി പറയുന്നുണ്ട്. ഇത്തരം സംഭവങ്ങൾക്കു പിന്നിൽ ലഹരി സംഘങ്ങളാണെന്ന സംശയത്തിലാണ് നാട്ടുകാർ.

ഇന്നലെ രാത്രി ഏഴോടെ കിനാലൂർ എസ്റ്റേറ്റിനു സമീപത്തെ വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ യുവതിക്കു നേരെ ഐസ്ക്രീം ബോൾ എറിഞ്ഞു. യുവതി ബഹളം വച്ചതോടെ ഇയാൾ ഓടിപ്പോയി.

വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി.പ്രദേശത്ത് ഇത്തരം സംഭവങ്ങൾ തുടരുകയാണ്. ഇതോടെ പുറത്തിറങ്ങാൻ പോലും ഭയപ്പെടുകയാണ് ജനങ്ങൾ. രാത്രി കാലങ്ങളിലാണ് അക്രമം ഏറെയും. അതുകൊണ്ടു തന്നെ ഭയപ്പാടിലാണ് പ്രദേശ വാസികൾ.

രാത്രിയിൽ കതക് അടക്കുമ്പോഴേ പുറത്തു നിന്ന് കതകിൽ മുട്ടി ഭയപ്പെടുത്തുന്നത് ആണ് ഇവരുടെ രീതി.ഇതു പേടിച്ച് ഇപ്പോൾ നാട്ടിലാരും ഒറ്റക്ക് പുറത്ത് ഇറങ്ങാറ് പോലുമില്ല.

എന്തായാലും അജ്ഞാതന്റെ മുഖം മൂടി ആക്രമണത്തില്‍ ഭീതിയിലായിരിക്കുകയാണ് ബാലുശ്ശേരി കിനാലൂര്‍ എസ്റ്റേറ്റിലെ താമസക്കാര്‍. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടയില്‍ നിരവധി പേരാണ് ഇവിടെ ആക്രമണത്തിന് ഇരയായത്.