ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ടിലെ ബിരിയാണിയില്‍ നിന്ന് ബാന്‍ഡേജ് കണ്ടെത്തി

ടെക്‌നോപാര്‍ക്കിലെ രംഗോലി ഫുഡ് കോര്‍ട്ട് നാലു മാസം മുന്‍പ് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. അന്ന് അവിടെ നിന്നും വാങ്ങിയ ചിക്കന്‍ ടിക്കയില്‍ പുഴുവിനെ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അത്. അതോടെ താല്‍ക്കാലികമായി അടച്ച ടെക്‌നോപാര്‍ക്ക് ഫുഡ്‌കോര്‍ട്ട് പിന്നീട് തുറന്നിരുന്നു. പക്ഷേ കാര്യങ്ങള്‍ പഴയപടിതന്നെയാണ്. ഇന്നലെ അവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ നിന്ന് ആരോ ഉപയോഗിച്ച് ഉപേക്ഷിച്ച ബാന്‍ഡേജാണ് ലഭിച്ചിരിക്കുന്നത്.

ഇതോടെ നിള ബില്‍ഡിങ്ങിലെ രംഗോലി ഫുഡ്‌കോര്‍ട്ട് ടെക്‌നോപാര്‍ക്ക് ഇടപെട്ട് ഇന്നലെ വീണ്ടും അടപ്പിച്ചു. നിരവധി പരാതികളുണ്ടായിട്ടും ഇത്തരത്തിലുള്ള ഫുഡ്‌കോര്‍ട്ടുകള്‍ക്ക് അനുമതി നല്‍കുന്ന അധികൃതര്‍ക്കെതിരെ ജീവനക്കാരുടെ സംഘടനയായ പ്രതിധ്വനി ടെക്‌നോപാര്‍ക്കും രംഗത്തു വന്നിട്ടുണ്ട്. ഇവരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ സംഭവം പുറം ലോകം അറിഞ്ഞതും.

Loading...

ചൊവ്വാഴ്ചയാണ് ഇവിടെ നിന്നും വാങ്ങിയ ബിരിയാണിയില്‍ നിന്ന് രക്തവും മരുന്നുമൊക്കെ പുരണ്ടിരിക്കുന്ന ഒരു ബാന്‍ഡേജ് ടെക്‌നോപാര്‍ക്കിലെ ഐടി ജീവനക്കാരന് ലഭിച്ചത്. ഉടന്‍ തന്നെ ടെക്‌നോപാര്‍ക്ക് അധികൃതര്‍ക്കു പരാതി നല്‍കിയതോടെ ഫുഡ്‌കോര്‍ട്ട് അടപ്പിക്കുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 18നായിരുന്നു ഇവിടെ നിന്നും വാങ്ങിയ ചിക്കന്‍ ടിക്കയില്‍ നിന്ന് പുഴുവിനെ കണ്ടെത്തിയിരുന്നത്.